റിസർവ്വ് ബാങ്കിന്‍റെ അന്തിമ അനുമതി കൂടാതെയാണ് കേരള ബാങ്ക് രൂപീകരിച്ചതായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല

റിസർവ്വ് ബാങ്കിന്‍റെ അന്തിമ അനുമതി കൂടാതെയാണ് കേരള ബാങ്ക് രൂപീകരിച്ചതായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ നടപടി ക്രമവിരുദ്ധമാണന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. മുഖ്യമന്ത്രി ഔദ്യോഗിക യാത്രക്ക് പോകുമ്പോൾ കുടുംബത്തെ കൊണ്ട് പോകുന്നതിൽ അസ്വാഭാവികതയുണ്ട്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കാൻ സർക്കാർ ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സർക്കാർ തയ്യാറായില്ലെങ്കിലും പ്രതിപക്ഷം ധവളപത്രം ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി മുന്നോട്ടുവച്ച ഉപാധികൾ നിറവേറ്റുകയും അവ സ്വീകാര്യമാവുകയും ചെയ്താൽ മാത്രമേ റിസർവ്വ് ബാങ്കിന്റെ അന്തിമ അനുമതി കേരള ബാങ്കിന് ലഭിക്കുകയുള്ളൂ. ഇത് ഭാവിയിൽ നടക്കേണ്ട കാര്യമാണ്. ഇത് മറച്ചു വച്ചാണ് കേരള ബാങ്കിന് അനുമതി ലഭിച്ചു എന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് പറഞ്ഞു. കേരള ബാങ്ക് രൂപീകരണത്തോടെ സഹകരണ പ്രസ്ഥാനത്തിന്‍റെ ചരമ മണിയാണ് സർക്കാർ മുഴക്കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയും സംഘവും വിദേശത്ത് നടത്തുന്നത് ഉല്ലാസ യാത്രയാണ്. മുഖ്യമന്ത്രിയുടെ യാത്രാ വിവരങ്ങൾ അദ്ദേഹത്തിന്റെ വെബ് സൈറ്റില്‍ പോലും ലഭ്യമല്ല. യാത്രയിൽ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംസ്ഥാനത്തിന്‍റെ കടുത്ത സാമ്പത്തിക സ്ഥിതി വ്യക്തമാക്കാൻ ധനമന്ത്രി ധവളപത്രം ഇറക്കാൻ തയ്യാറാവണം. സർക്കാർ തയ്യാറായാലും ഇല്ലെങ്കിലും യുഡിഎഫ് ധവളപത്രം ഇറക്കുംമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Ramesh Chennithala
Comments (0)
Add Comment