മുഖ്യമന്ത്രി ധാർഷ്ട്യത്തിന്‍റെ പ്രതിരൂപമാകരുത് ; സർക്കാരിന്‍റേത് തൊഴിൽരഹിതരോടുള്ള കൊടിയവഞ്ചന : കെ.സി വേണുഗോപാൽ എം.പി

പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കുമ്പോള്‍ തൊഴില്‍ രഹിതരോടുള്ള കൊടിയവഞ്ചന സർക്കാർ തുടരുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വര്‍ഷങ്ങളോളം കഷ്ടപ്പെട്ടു പഠിച്ച് പി എസ് സി പരീക്ഷയെഴുതിയവരെ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടും പുറംകാലുകൊണ്ട് തൊഴിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

കേരളത്തിൻറെ മുഖ്യമന്ത്രി ധാർഷ്ട്യത്തിൻ്റെ പ്രതിരൂപമാകരുത്. കുടുംബങ്ങള്‍ക്ക് അത്താണിയാവാനും അരപ്പട്ടിണിയില്‍ നിന്നും മുഴുപ്പട്ടിണിയില്‍ നിന്നും മോചനം നേടാനും ഒരു തലമുറ താങ്കള്‍ക്ക് മുമ്പില്‍ യാചിക്കുന്നത് കണ്ടില്ലെന്ന് നടിക്കരുത്. – കെ.സി വേണുഗോപാൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം :

സര്‍ക്കാര്‍ ജോലി സ്വപ്‌നം കണ്ട് രാപകല്‍ അധ്വാനിച്ച ഒരു തലമുറയെ ഇത്ര ക്രൂരമായി വഞ്ചിക്കുവാന്‍ എല്‍ഡിഎഫ് സര്‍ക്കാറിനല്ലാതെ മറ്റാര്‍ക്ക് സാധിക്കും?

ഒട്ടേറെ പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കുമ്പോള്‍ തൊഴില്‍ രഹിതരോടുള്ള കൊടിയവഞ്ചന തുടരുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. വര്‍ഷങ്ങളോളം കഷ്ടപ്പെട്ടു പഠിച്ച് പി എസ് സി പരീക്ഷയെഴുതിയവരെ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടും പുറംകാലുകൊണ്ട് തൊഴിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

പത്താംതരം പാസാവാത്ത തട്ടിപ്പുകാരികള്‍ക്കും നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും പിന്‍വാതില്‍ നിയമനത്തിലൂടെ സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റാന്‍ അവസരം ഒരുക്കിയ പിണറായി ഭരണം രണ്ടാം ടേമിലും അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കു നേരെ ധാര്‍ഷ്ട്യത്തോടെ മുഖം തിരിക്കുന്നത് ഒരു തലമുറ ഞെട്ടലോടെ നോക്കിനില്‍ക്കുകയാണ്. അവര്‍ക്ക് പാര്‍ട്ടി ഓഫിസിലെ ബന്ധുത്വമോ വരുമാനത്തിന് സ്വര്‍ണക്കടത്തോ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം.

റാങ്ക് പട്ടികകളുടെ കാലാവധി നീട്ടേണ്ട ‘സാഹചര്യം’ ഇപ്പോഴില്ല എന്നാണ് നിയമസഭയില്‍ ഇന്ന് പ്രതിപക്ഷത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
തിരഞ്ഞെടുപ്പിന് മുമ്പ് റാങ്ക് പട്ടികയില്‍ ഉണ്ടായിരുന്നവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ ഉണ്ടായിരുന്ന ‘സാഹചര്യ’മല്ല ഇപ്പോഴുള്ളതെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം! തത്കാലം ജനങ്ങളെ സമീപിക്കേണ്ട സാഹചര്യം ഇല്ലെന്ന തിരിച്ചറിവിലാണ് ഇത്രയും ധാര്‍ഷ്ട്യം മുഖ്യമന്ത്രി കാണിക്കുന്നത്.

493 പട്ടികകള്‍ റദ്ദാക്കാന്‍ പോകുന്നതിലൂടെ മൂന്ന് ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ സാധ്യതയാണ് ഇല്ലാതാകുക. നാല്‍പ്പത് ശതമാനം പേര്‍ക്ക് പോലും നിയമനം നല്‍കാനാകാതെയാണ് ഭൂരിഭാഗം പട്ടികകളും റദ്ദാകുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ഒഴിവുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും ഉടന്‍ നിയമനം നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സാധാരണ നടക്കേണ്ട നിയമനം പോലും നടന്നിട്ടില്ലെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്.

തിരഞ്ഞെടുപ്പിന് മുമ്പ് പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തിയ സമര പരമ്പര അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളാണ് യാതൊരു ലജ്ജയുമില്ലാതെ കാറ്റില്‍പ്പറത്തുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയതു കൊണ്ടു മാത്രം പരിഹാരമാവില്ല. വിവിധ വകുപ്പുകളിലെ ഒഴിവുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്ത് റാങ്ക് പട്ടികയിൽ നിന്നും നിയമനം ഉറപ്പാക്കണം. ഒരോ നിയമനവും ഓരോ വ്യക്തിയുടെ മാത്രമല്ല ഒരോ കുടുംബങ്ങളുടെ പ്രതീക്ഷകളാണ്. പുതിയ പട്ടികകൾ നിലവിൽ വരുന്നതു വരെ ഇപ്പോഴുള്ള പട്ടികകളിൽ നിന്നും പരമാവധി ഉദ്യോഗാർഥികൾക്ക് നിയമനം ഉറപ്പാക്കി റാങ്ക് ഹോൾഡേഴ്സിന് നൽകിയ വാഗ്ദാനം പാലിക്കാൻ എൽ ഡി എഫ് സർക്കാർ തയ്യാറായേ മതിയാവൂ.

ഒരു തലമുറയെ വഞ്ചിച്ച സര്‍ക്കാറിന് മാപ്പില്ല. സര്‍ക്കാറിന് ഒപ്പം നിന്ന് കേരളത്തിലെ യുവജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് ഡിവൈഎഫ്‌ഐയും സ്വീകരിച്ചത്.

കേരളത്തിൻറെ മുഖ്യമന്ത്രി ധാർഷ്ട്യത്തിൻ്റെ പ്രതിരൂപമാകരുത്. കുടുംബങ്ങള്‍ക്ക് അത്താണിയാവാനും അരപ്പട്ടിണിയില്‍ നിന്നും മുഴുപ്പട്ടിണിയില്‍ നിന്നും മോചനം നേടാനും ഒരു തലമുറ താങ്കള്‍ക്ക് മുമ്പില്‍ യാചിക്കുന്നത് കണ്ടില്ലെന്ന് നടിക്കരുത്.

തൊഴില്‍ രഹിതരായ, അഭ്യസ്തവിദ്യരായ യുവലക്ഷത്തിന്റെ വേദനകള്‍ക്കൊപ്പം…

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkcvenugopalaicc%2Fposts%2F4051001655022332&show_text=true&width=500

Comments (0)
Add Comment