കാട്ടാക്കടയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു; കൊലപാതകത്തിലേക്ക് നയിച്ചത് വീടിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള തര്‍ക്കം (വീഡിയോ)

Jaihind Webdesk
Wednesday, May 1, 2019

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആസിഡ് കുടിച്ച് മരിച്ചു. ഏഴാംമൂഴിയില്‍ ശിവാനന്ദന്‍ എന്നയാളാണ് ഭാര്യ നിര്‍മലയെ വാക്കത്തിക്കൊണ്ട് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

രാവിലെ എട്ടോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ദന്പതികള്‍ ഏഴ് വര്‍ഷമായി പിണങ്ങി രണ്ടിടത്തായിരുന്നു താമസിച്ചിരുന്നത്. രാവിലെ നിര്‍മല താമസിച്ചിരുന്ന വീട്ടില്‍ എത്തിയ ശിവനന്ദന്‍ എത്തിയതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിന് പിന്നാലെയാണ് ഭാര്യയെ ഇയാള്‍ വാക്കത്തികൊണ്ട് വെട്ടിയത്. നിര്‍മല തല്‍ക്ഷണം മരിച്ചു.

ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് ആസിഡ് കുടിച്ചത്. നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചതോടെ കാട്ടാക്കട പോലീസ് എത്തി ശിവാനന്ദനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

അടുത്തിടെ നിര്‍മലയ്ക്ക് സര്‍ക്കാരില്‍ നിന്നും ഒരു വീട് അനുവദിച്ചിരുന്നു. ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവം നടക്കുമ്പോള്‍ ദമ്പതികളുടെ മക്കളും പരിസരത്തുണ്ടായിരുന്നു. കാട്ടാക്കട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.