കശ്മീര്‍ പ്രതിസന്ധിയുടെ പ്രത്യാഘാതം ഓഹരി വിപണിയിലും; ഇന്ത്യൻ ഓഹരി വിപണിയില്‍ തകർച്ച; രൂപയുടെ മൂല്യത്തിലും കനത്ത ഇടിവ്

Jaihind Webdesk
Monday, August 5, 2019

കശ്മീര്‍ പ്രതിസന്ധിയുടെ പ്രത്യാഘാതം ഓഹരി വിപണിയിലും. ഇന്ത്യൻ ഓഹരി വിപണിയില്‍ വന്‍ തകർച്ച,  രൂപയുടെ മൂല്യത്തിലും കനത്ത ഇടിവ് രേഖപ്പെടുത്തി.  വിനിമയനിരക്കിൽ ഡോളറിനെതിരെ 70.14 എന്ന നിരക്കിലാണ് ഇന്നത്തെ ഇന്ത്യൻ രൂപയുടെ മൂല്യം. 55 പൈസയാണ് ഇന്ന് ഇടിഞ്ഞത്. കഴിഞ്ഞ മെയ് 17ന് ശേഷം ആദ്യമായാണ് രൂപയുടെ മൂല്യം 70ന് മുകളിലാകുന്നത്.

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയാനുള്ള പ്രഖ്യാപനം വന്നതോടെ ഇന്ത്യൻ ഓഹരി വിപണിയും തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്.  ഇന്ത്യൻ രൂപയുടെ മൂല്യത്തിലും കനത്ത ഇടിവ് രേഖപ്പെടുത്തിയതോടെ സാമ്പത്തിക ലോകത്ത് കടുത്ത ആശങ്കയാണ് പടർന്നിരിക്കുന്നത്.

പുതിയ രാഷ്ട്രീയ നീക്കങ്ങൾ ഇപ്പോള്‍ തന്നെ ശക്തമായ മാന്ദ്യത്തിലേക്ക് വീണിരിക്കുന്ന ഇന്ത്യൻ സമ്പദ്ഘടനക്ക് വൻ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 431.51 പോയിന്‍റ് നഷ്ടത്തിലും നിഫ്റ്റി 125.77 പോയിന്‍റ്  നഷ്ടത്തിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. 183 ഓഹരികൾ നേട്ടത്തിലും 720 ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്. 36 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.

പൊതുമേഖല ബാങ്കുകള്‍, മെറ്റൽ, ഓട്ടോ, എനർജി, എഫ്എംസിജി, ഇൻഫ്ര, ഐടി ഓഹരികളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.