കരുവന്നൂർ തട്ടിപ്പ് : അനധികൃത വായ്പാ രേഖകള്‍ ക്രൈംബ്രാഞ്ച് കണ്ടെടുത്തു ; സൂക്ഷിക്കാൻ പ്രത്യേക ലോക്കർ

തൃശൂർ : കരുവന്നൂർ ബാങ്കിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിൽ അനധികൃത വായ്പകളുടെ രേഖകൾ കണ്ടെടുത്തു. ഈ രേഖകൾ സൂക്ഷിക്കാൻ ബാങ്കിൽ പ്രത്യേക ലോക്കർ ഉണ്ടായിരുന്നെന്നും പരിശോധനയിൽ വ്യക്തമായി. വായ്പാ തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് സംഘം മുന്നോട്ട് നീക്കുകയാണ്. അതിന്‍റെ ഭാഗമായാണ് പ്രതികളുടെ വീടുകളിലും ബാങ്കിലും വ്യാപക പരിശോധന നടത്തിയത്.

379 വായ്പകൾ കൃത്യമായ പേരോ വിലാസമോ ഇല്ലാതെ പാസാക്കി നൽകിയിട്ടുണ്ട്. ഇതിൽ 329 ഉം 50 ലക്ഷം വീതവും. ആധാരങ്ങൾ പണയപ്പെടുത്തി ചെറിയ തുകയ്ക്ക് വായ്പ എടുത്തവരുടെ പണയ വസ്തുകളിൻമേൽ അവർ അറിയാതെ വൻ തുകയ്ക്ക് വീണ്ടും വായ്പ പാസാക്കുന്നതായിരുന്നു തട്ടിപ്പ് രീതി. ഇങ്ങനെയുള്ള 29 ആധാരങ്ങൾ പരിശോധനയിൽ കണ്ടെത്തി. പ്രത്യേകം ലോക്കറിലാണ് ഇവ സൂക്ഷിച്ചിരുന്നത്.

ചില സ്വർണ നാണയങ്ങളും ലോക്കറിൽ ഉണ്ടായിരുന്നു. ബാങ്കിലെ രേഖകളിൽ ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ പരിശോധന തുടരും. പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ തേക്കടിയിലെ റിസോർട്ടിന് വേണ്ടി നടത്തിയ വൻകിട നിക്ഷേപത്തിന്‍റെ രേഖകൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു. വായ്പാ തട്ടിപ്പിലൂടെ സമാഹരിച്ച പണം പല ബിനാമി പേരുകളിലാണ് നിക്ഷേപം നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്.

Comments (0)
Add Comment