സഹപ്രവര്‍ത്തകനോട് കയര്‍ത്തതില്‍ പ്രതിരോധ മന്ത്രിയോട് പ്രതിഷേധം രേഖപ്പെടുത്തി കര്‍ണാടക മന്ത്രി

Jaihind Webdesk
Saturday, August 25, 2018

കർണാടകയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ പ്രതിരോധമന്ത്രി നിർമല സീതാരാമൻ കർണാടക മന്ത്രിയോട് കയർത്ത് സംസാരിച്ചതിൽ രൂക്ഷവിമർശനവുമായി ഉപമുഖ്യമന്ത്രി ജി.പരമേശ്വര രംഗത്ത്. കേന്ദ്രമന്ത്രിക്ക് സ്വന്തം അധികാരത്തെകുറിച്ച് ധാരണ വേണമെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനങ്ങളുടെ അധികാരം തീരുമാനിക്കുന്നത് ഭരണഘടനയാണെന്നും വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച നിർമല സീതാരാമൻ വാർത്താസമ്മേളനം നടത്തുന്നതിനിടയിലാണു വിവാദങ്ങൾക്ക് തുടക്കമിട്ടത്. വാർത്താ സമ്മേളനം നിർത്താൻ സമയമായെന്നു സംസ്ഥാന മന്ത്രി സൂചിപ്പിച്ചതാണു കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്. തുടർന്നാണ് മാധ്യമങ്ങളെ സാക്ഷിയാക്കി നിർമല സീതാരാമൻ, മന്ത്രി സാ രാ മഹേഷിനോട് കയർത്ത് സംസാരിച്ചത്.

ഇതു മാധ്യമങ്ങളിലൂെട പുറത്തുവന്നതോട സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ വിമർശനമാണ് ഉയർന്നുവന്നത്. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പെരുമാറ്റത്തിനെതിരെ ഉപമുഖ്യമന്ത്രി രംഗത്തെത്തിയത്.

ഞങ്ങളുടെ മന്ത്രിമാർ ആഴ്ചകളോളം കുടകിൽ താമസിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുകയാണെന്നും നിങ്ങളോടു കാണിക്കുന്ന ബഹുമാനം തിരിച്ചുമുണ്ടാകണമെന്നും ജി പരമേശ്വര ട്വീറ്റ് ചെയ്തു. കേന്ദ്രത്തിൽനിന്നു വരുന്നതുകൊണ്ട് മേധാവിയാണെന്നു ധരിക്കരുതെന്നും സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തിൽ നിന്നല്ല ഭരണഘടനയിൽനിന്നാണ് അധികാരമെടുക്കുന്നതെന്നും അദ്ദേഹം ട്വിറ്റിൽ കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തിനു കീഴ്‌പ്പെട്ടവരല്ലെന്നും പങ്കാളികളാണെന്നും അദ്ദേഹം വിമർശിച്ചു. ഇതിനിടെ കേന്ദ്രസർക്കാർ സംസ്ഥാനത്തോട് ചിറ്റമ്മ നയമാണ് കാട്ടുന്നതെന്നും പരമേശ്വര കുറ്റപ്പെടുത്തി. ഇതിനിടെ കുടകിലെ പുനരധിവാസത്തിനായി 2000 കോടി രൂപയാണ് കർണാടക ആവശ്യപ്പെട്ടെന്നും എന്നാൽ  കുടകിലെ പ്രളയ ദുരിതാശ്വാസത്തിന് ഫണ്ട് അനുവദിക്കാൻ കേന്ദ്രം ഇതുവരെ തയാറായിട്ടില്ലെന്നും പരമേശ്വര കുറ്റപ്പെടുത്തി. കേന്ദ്ര അവഗണനയ്ക്കും കർണാടകയിൽനിന്നുള്ള രാജ്യസഭാംഗമാണ് നിർമല സീതാരാമന്‍റെ പെരുമാറ്റത്തിനും എതിരെ സംസ്ഥാനത്ത്് വലിയ വിമർശനമാണ് ഉയരുന്നത്.

https://www.youtube.com/watch?v=-z3i5u_qbxo