വാഹന മേഖലയിലെ പ്രതിസന്ധിക്ക് കാരണം ഓൺലൈൻ ടാക്‌സികളുടെ ഉപയോഗമെന്ന് ധനമന്ത്രി; പ്രസ്താവന വലിയ തമാശയെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Thursday, September 12, 2019

വാഹന നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണം ജനങ്ങൾ ഓൺലൈൻ ടാക്‌സികളെ ആശ്രയിക്കുന്നത് എന്ന ധനമന്ത്രിയുടെ പ്രസ്താവന വലിയ തമാശയെന്ന് കോണ്‍ഗ്രസ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എന്ത് ചെയ്യണമെന്ന് നിർമ്മല സീതാരാമന് വ്യക്തത ഇല്ലെന്നും കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ് വി പറഞ്ഞു. ധനമന്ത്രിയുടെ പ്രസ്താവന അപക്വവും സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിക്കുറവുമാണ് കാണിക്കുന്നതെന്നും പ്രധാനമന്ത്രി ഇക്കാര്യത്തിൽ മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പുതിയ സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കുകയാണ് ധനമന്ത്രി എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വാഹന വിപണി നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണം യുവതലമുറ പൊതുഗതാഗതവും ഓൺലൈൻ ടാക്‌സികളും ഉപയോഗിക്കുന്നത് കൊണ്ടാണെന്ന ധനകാര്യ മന്ത്രി നിർമലാ സീതാരാമന്‍റെ പ്രസ്താവനക്കെതിരേയാണ് കോൺഗ്രസ് രംഗത്തെത്തിയത്. ഇന്ത്യൻ വാഹന വിപണിയിലെ തകർച്ചയ്ക്ക് പ്രധാന കാരണം ജനത്തിന്‍റെ മനോഭാവവും ബിഎസ് 6 മാനദണ്ഡങ്ങളിലേക്കുള്ള മാറ്റവുമാണെന്നായിരുന്നു നിർമല സീതാരാമൻ പറഞ്ഞത്. ജനങ്ങൾ കാർ വാങ്ങുന്നതിനെക്കാൾ കൂടുതൽ യാത്രകൾക്കായി ഊബർ, ഒല പോലെയുള്ള ടാക്‌സി സർവീസുകളെ ആശ്രയിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. തുല്യമായ പ്രതിമാസ ഗഡു എടുക്കാൻ ആളുകൾക്ക് താൽപ്പര്യമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. ഒരു വർഷത്തിലേറെയായി വാഹന വിൽപ്പനയിൽ വൻ ഇടിവാണ് റിപ്പോർട്ട് ചെയ്യുന്നത്.

teevandi enkile ennodu para