പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്നെത്തും

Jaihind News Bureau
Friday, January 31, 2020

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിനു തുടക്കാമാവുക. നാളെയാണ് കേന്ദ്ര ബജറ്റ്. സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പുറത്തു വരും. പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെ ഉയർത്തി സഭ പ്രക്ഷുബ്ദമാക്കാനാണ് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കം.

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ശനിയാഴ്ച രാവിലെ 11ന് ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കും. രാവിലെ പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗം നടത്തുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടും വെള്ളിയാഴ്ച അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്നു രാവിലെ 10ന് സര്‍വ്വകക്ഷിയോഗം ചേരും.

ബജറ്റ്‌ സമ്മേളനം രണ്ടു ഘട്ടമായാണ്‌ ചേരുക. ആദ്യഘട്ടം ഫെബ്രുവരി 11 വരെയാണ്‌. രണ്ടാം ഘട്ടത്തിനായി മാർച്ച്‌ രണ്ടിനു ചേരും. ഏപ്രിൽ മൂന്നുവരെ രണ്ടാം ഘട്ടം തുടരും. സമ്മേളനത്തിൽ 45 ബിൽ അവതരിപ്പിക്കുമെന്ന്‌ പാർലമെന്‍ററി മന്ത്രി പ്രഹ്ലാദ്‌ ജോഷി അറിയിച്ചു.