ബജറ്റില്‍ ഇടഞ്ഞ് സംഘപരിവാര്‍ ; വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപം അംഗീകരിക്കാനാവില്ല

Jaihind News Bureau
Saturday, February 1, 2020

ന്യൂഡൽഹി : മോദി സർക്കാരിന്‍റെ ബജറ്റില്‍ എതിർപ്പ് പരസ്യമാക്കി സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് രംഗത്ത്. വിദ്യാഭ്യാസ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള ധനമന്ത്രി നിർമ്മല സീതാരാമന്‍റെ നീക്കത്തിനെതിരെയാണ് ആര്‍.എസ്.എസിന്‍റെ സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്ന വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ച് രംഗത്തെത്തിയത്.

‘വിദ്യാഭ്യാസ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം അംഗീകരിക്കാനാവില്ല. നമ്മുടെ സ്വന്തം വിദ്യാഭ്യാസരീതിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമല്ല’ – സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കണ്‍വീനർ അശ്വനി മഹാജന്‍ പറഞ്ഞു. വിഷയം കൂടുതൽ ചർച്ച ചെയ്യുമെന്നും മഹാജൻ വ്യക്തമാക്കി.

രണ്ടാം മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റ് സാധാരണക്കാരുടെ വയറ്റത്തടിക്കുന്നതാണെന്നും കോർപറേറ്റുകളെ പ്രീതിപ്പെടുത്തുന്നതുമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പ്രഗത്ഭരായ അധ്യാപകരെ ആകർഷിക്കുന്നതിനും മികച്ച ലാബുകൾ നിർമിക്കുന്നതിനും ബാഹ്യ വാണിജ്യ വായ്പകളും നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളും സ്വീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.