ബജറ്റ് ദിവസം ഓഹരി വിപണി ഇടിഞ്ഞത് ധനമന്ത്രി മാത്രം അറിഞ്ഞില്ല ! വിചിത്ര മറുപടിയുമായി നിർമല സീതാരാമന്‍

Jaihind News Bureau
Tuesday, February 4, 2020

ന്യൂഡല്‍ഹി : ബജറ്റ് ദിവസം ഓഹരി വിപണി ഇടിഞ്ഞതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിചിത്ര മറുപടിയുമായി ധനമന്ത്രി നിർമല സീതാരാമന്‍. ഓഹരി വിപണി മികച്ച പ്രകടനത്തിലാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. ശനിയാഴ്ച ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇത് എങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിനായിരുന്നു ധനമന്ത്രിയുടെ വിചിത്ര മറുപടി.

അതേസമയം ബജറ്റിന് പിന്നാലെ ഓഹരി വിപണിയിൽ കനത്ത നഷ്ടമാണുണ്ടായത്. മുംബൈ ഓഹരി സൂചിക 1000 പോയിന്‍റോളം താഴ്ന്ന് 40,000 പോയിന്‍റിനു താഴെയായി. മുംബൈ ഓഹരി സൂചിക (സെൻസെക്സ്) 987 പോയിന്‍റും നാഷനൽ സ്റ്റോക് മാർക്കറ്റ് സൂചിക (നിഫ്റ്റി) 300 പോയിന്‍റും ഇടിഞ്ഞിരുന്നു. നിക്ഷേപകർക്ക് ഒരു ദിവസത്തിനുള്ളിൽ 3.6 ലക്ഷം കോടി രൂപയാണ് നഷ്ടമായത്.

വ്യവസായി കൂട്ടായ്മയായ ഫിക്കി സംഘടിപ്പിച്ച പരിപാടിയിലാണ് ബജറ്റ് ദിവസത്തെ ഓഹരി വിപണിയിലെ തകർച്ചയില്‍ വിശദീകരണം ആവശ്യപ്പെട്ട് ചോദ്യമുയര്‍ന്നത്. വിചിത്രമായ മറുപടിക്ക് ശേഷം കൂടുതല്‍ വിശദീകരണത്തിന് നില്‍ക്കാതെ മറ്റ് ചോദ്യങ്ങളിലേക്ക് കടക്കാന്‍ കേന്ദ്ര ധനമന്ത്രി ശ്രമിച്ചതും ശ്രദ്ധേയമായി.