കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ രണ്ടാം മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റ് ഇന്ന്; നികുതി ഘടനയിൽ അടക്കം സമൂലമായ മാറ്റങ്ങൾ വന്നേക്കും

Jaihind News Bureau
Saturday, February 1, 2020

കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ രണ്ടാം മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റ് ഇന്ന്. സാമ്പത്തിക വളർച്ച കുറഞ്ഞിരിക്കുന്ന പശ്ചാത്തലത്തിൽ നികുതി ഘടനയിൽ അടക്കം സമൂലമായ മാറ്റങ്ങൾ വന്നേക്കും. ഡൽഹി തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു എന്നതും ബജറ്റിനെ സ്വാധീനിക്കും. ബജറ്റിന് മുന്നോടിയായി ഇന്നലെ പുറത്ത് വന്ന സാമ്പത്തിക സർവേ കേന്ദ്ര സർക്കാരിന്‍റെ 5 ട്രില്യൻ ഇക്കോണമി വാദം പൊളിക്കുന്നതാണ്.

2019–20 വർഷത്തെ സാമ്പത്തിക സർവേയിലെ കണക്കുകൾതന്നെ വ്യക്തമാക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ 5 ട്രില്യൻ ഇക്കോണമി എന്ന ലക്ഷ്യം നിറവേറുന്നതിന് ഏറെ പാടുപെടേണ്ടി വരുമെന്നാണ്. 6.8 ശതമാനമായിരുന്നു 2018–19ൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിലെ (ജിഡിപി) വളർച്ച. 2019–20ൽ അതു മെച്ചപ്പെട്ട് 7 ശതമാനമാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ സാമ്പത്തിക സർവേ കണക്കു വന്നപ്പോള്‍ നടപ്പു സാമ്പത്തിക വർഷത്തിലെ വളർച്ചാനിരക്ക് 5 ശതമാനമായി. 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

അടുത്ത സാമ്പത്തിക വർഷം ആറു മുതൽ ആറര ശതമാനം വരെ ജിഡിപി വളർച്ച ഉണ്ടാവുമെന്നും സർവേ കണക്കുകൂട്ടുന്നു. പക്ഷേ വലിയ നിയന്ത്രണങ്ങളും അതോടൊപ്പം വിട്ടുവീഴ്ചകളും വേണം മോദി സ്വപ്നം കാണുന്ന സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യ എത്തണമെങ്കിലെന്നു സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നു.