പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ച് കണ്ണൂർ സർവകലാശാലയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ്; ഗവർണർക്ക് പരാതി നൽകുമെന്ന് യുഡിഎഫ് സെനറ്റ് അംഗങ്ങള്‍

Jaihind News Bureau
Wednesday, April 15, 2020

കണ്ണൂർ സർവകലാശാലയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ വിമർശിച്ച് പോസ്റ്റ് വന്നത് വിവാദത്തിൽ. സ്പ്രിങ്ക്‌ളര്‍ വിവാദവുമായി ബന്ധപ്പെട്ടാണ്  പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ച് പോസ്റ്റിട്ടിരിക്കുന്നത്. പേജിന്‍റെ അഡ്മിനായ ഹരീഷ് പി.വിയാണ് പോസ്റ്റിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. പരീക്ഷാ കൺട്രോളറുടെ പൂർണ നിയന്ത്രണത്തിലുള്ളതാണ്  ഫേസ്ബുക്ക് പേജ്.  പരീക്ഷ സംബന്ധിയായ കാര്യങ്ങൾ അറിയിക്കുന്ന പേജിലാണ് വിവാദ പോസ്റ്റ്  പ്രത്യക്ഷപ്പെട്ടത്. സ്‌പീക്കറുടെ മുൻ പ്രസ് സെക്രട്ടറിയും ഇടതുപക്ഷ സ ഹയാത്രികനുമായ പി.ജെ. വിൻസന്‍റ് ആണ് കണ്ണൂർ സർവ്വകലാശാലയിലെ പരീക്ഷാ കൺട്രോളർ. വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം   ഫേസ്ബുക്ക് പേജ് രാഷ്ട്രീയമായി ദുരുപയോഗം ചെയ്തതിൽ സർവകലാശാല കൺട്രോളർക്കെതിരെ നടപടിയെടുക്കണമെന്ന്   യു.ഡി.എഫ്. അനുകൂല സെനറ്റ് അംഗങ്ങൾ  ആവശ്യപ്പെട്ടു.   സർവകലാശാല പോലും ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ ചട്ടുകമായി മാറിയിരിക്കുകയാണെന്ന് അംഗങ്ങൾ ആരോപിച്ചു. ഗുരുതര കൃത്യവിലോപമാണെന്നും അതിനാൽ അഡ്മിനായ പരീക്ഷാ കൺട്രോളർക്കെതിരേ അച്ചടക്ക നടപടിയെടുക്കണമെന്നും കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ചാൻസിലർ കൂടിയായ ഗവർണർക്ക് യു ഡി എഫ് സെനറ്റ് അംഗങ്ങൾ പരാതി നൽകും.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഒരുനിമിഷം ശ്രദ്ധിക്കൂ Ramesh Chennithala…

സ്പ്ലിങ്കർ എന്നല്ല സ്പ്രിങ്ക്ളർ … സ്പ്രിങ്ക്ളർ എന്നാണ് കമ്പനിയുടെ പേര് … പുര വെട്ടുമ്പോൾ വാഴ കത്തുന്നതുപോലെ മാറിയതായിരിക്കാം .. ഇനിയും കുറേനാൾ പറയാനുള്ളതല്ലേ അതുകൊണ്ടു കമ്പനിയുടെ പേരൊക്കെ ഉച്ചരിക്കാൻ പഠിക്കുന്നത് നന്നായിരിക്കും..

ഇനി കാര്യത്തിലേക്ക് വന്നാൽ, ഈ മേഖലയിൽ കുറച്ചുനാളായി പണിയെടുക്കുന്നൊരാൾ എന്ന നിലയിൽ കഴിഞ്ഞ കുറച്ചുദിവസമായി പറഞ്ഞുകൊണ്ടിരിക്കുന്നതേ ഇപ്പോഴും പറയാനുള്ളൂ… ഒരു വ്യത്യാസം എന്താണെന്നുവെച്ചാൽ കരാറിന്റെ രേഖകൾ മുഴുവൻ സർക്കാർ ഇപ്പോൾ പബ്ലിക് ഡൊമൈനിൽ ലഭ്യമാക്കി എന്നുമാത്രം (https://kerala.gov.in/datatransparency/?fbclid=IwAR3ZJVtwpDGzN8XbHO6b7YhtcP0GYp3iLZ0frnk0WXrQxQyW6Pvf8JEgW0c) … അതിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ്;

1. ഈ കരാർ സെപ്റ്റംബർ 24 വരെ അല്ലെങ്കിൽ കോവിഡ് കഴിയുന്നതുവരെ (ഏതാണോ ആദ്യം വരുന്നത്) മാത്രമാണ്

2. ഇതൊരു സംഭാവന (Donation) ആണ്. മുകളിൽ പറഞ്ഞ തീയതിവരെ സർക്കാർ പണം നൽകേണ്ടതില്ല … അതിനുശേഷം സേവനം വേണമെന്നുണ്ടെങ്കിൽ ഉഭയകക്ഷി സമ്മതത്തോടെ കരാർ പുതുക്കാം.. നോട്ട് ദി പോയിന്റ്, ഉഭയകക്ഷി സമ്മതം ..

3. ഈ സോഫ്റ്റ്‌വെയർ ശേഖരിക്കുന്ന എല്ലാ വിവരങ്ങളുടെയും ഉടമ സർക്കാർ ആണ്. സേവനദാതാവിന് അതിന്മേൽ അവകാശമില്ല.. സർക്കാർ കരാർ റദ്ദാക്കുന്ന മുറക്കോ അല്ലെങ്കിൽ സർക്കാറിന്റെ ആവശ്യപ്രകാരമോ വിവരം (data) സേവനദാതാവിന്റെ പ്ലാറ്റഫോറത്തിൽ നിന്നും പൂർണ്ണമായും നീക്കം ചെയ്യും .. കരാർ റദ്ദാക്കി മുപ്പത് ദിവസത്തിനുള്ളിൽ മുഴുവൻ ഡാറ്റയും സർക്കാരിന്റെ ശേഖരത്തിലേക്ക് മാറ്റണം..ഡാറ്റ കൈമാറ്റത്തിനായി SFTP സംവിധാനം ഉപയോഗിക്കാം എന്ന നിർദേശവും കരാറിലുണ്ട്..

4. ശേഖരിക്കുന്ന എല്ലാ വിവരങ്ങളും ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ തന്നെ സ്റ്റോർ ചെയ്യും.

നോട്ട് ദി പോയിന്റ് – അമേരിക്കയിലല്ല വിവരം സ്റ്റോർ ചെയുന്നത്. ഇന്ത്യയിലാണ്. മുംബൈയിലുള്ള AWS cloud-ലുള്ള SPRINKLR ന്റെ സെർവറിൽ ആണ് വിവരം ഇപ്പോൾ ശേഖരിക്കുന്നത്. കേരള സർക്കാരിന്റെ AWS സെർവറിനു വിവരങ്ങൾ ശേഖരിക്കാനുള്ള ശേഷി ഇല്ലാത്തതുകൊണ്ടാണ് വിവരം അവരുടെ സെർവറിൽ ശേഖരിക്കുന്നത്.. സർക്കാരിന്റെ AWS സെർവറിൽ ശേഷി വർധിപ്പിക്കാനുള്ള കരാർ പുരോഗമിക്കുകയാണ്.. അത് പൂർത്തിയായാൽ വിവരം അങ്ങോട്ട് മറ്റും എന്നും IT സെക്രട്ടറി പ്രസ് റിലീസിൽ പറയുന്നുണ്ട്.. “അമേരിക്ക ഡാറ്റ അടിച്ചുകൊണ്ടുപോകുന്നേ” എന്ന് പറയുന്നവരോട് ആദ്യദിവസം മുതൽ പറയുന്ന കാര്യമാണ് സ്വകാര്യവിവരങ്ങളുടെ “cross border data transfer” അനുവദനീയമല്ലാത്ത രാജ്യമാണ് ഇന്ത്യ എന്നും അതുകൊണ്ടുതന്നെ ഡാറ്റ ശേഖരിക്കുന്നത് ഇന്ത്യയിൽ തന്നെയായിരിക്കും എന്നും .. ആരോട് പറയാൻ ആര് കേൾക്കാൻ ..

ഒന്നുകൂടി – ഇന്ത്യ സർക്കാരിന്റെ ഒരു cloud സംരംഭമുണ്ട് “മേഘനാഥ്” എന്നാണ് അതിന്റെ പേര് ..NIC ആണ് അതിന്റെ അതോറിറ്റി.. അവർ സർക്കാർ ഉപയോഗങ്ങൾക്കായി അംഗീകരിച്ച cloud സേവനദാതാക്കളിൽ ചിലരാണ് മൈക്രോസോഫ്ട് (Azure), ആമസോൺ (AWS), HP, IBM, TCS തുടങ്ങിയവർ … ആ എംപാനൽ ചെയ്ത AWS തന്നെയാണ് സ്പ്രിങ്ക്ളർ കമ്പനിയും കേരള സർക്കാരും ഉപയോഗിക്കുന്നത് .. മേല്പറഞ്ഞതിൽ TCS ഒഴിച്ച് ബാക്കിയെല്ലാം അമേരിക്കൻ കമ്പനികളാണ്.. സർക്കാർ ശേഖരിക്കുന്ന വിവരം അമേരിക്കക്കാർ അടിച്ചുകൊണ്ടുപോകും എന്ന ഭയം ഏതായാലും NIC ക്കോ കേന്ദ്ര സർക്കാരിനോ ഇല്ല ..എന്തുകൊണ്ടെന്നുവെച്ചാൽ അങ്ങനെ അടിച്ചുകൊണ്ടുപോകാതിരിക്കാനുള്ള സകല നിയന്ത്രണങ്ങളും കരാറായും , നിയമങ്ങളായും, ടെക്നിക്കൽ നിയന്ത്രണങ്ങൾ ആയും എൻഫോഴ്‌സ്‌ ചെയ്തിട്ടുണ്ട് എന്നതുകൊണ്ടാണ്.. ചെന്നിത്തലക്കോ ചെന്നിത്തലയുടെ IT ടീമിനോ അതിനെപ്പറ്റി വിവരമില്ലാത്തത് സർക്കാരിന്റെ കുഴപ്പമല്ല..

മറ്റൊരു വിവരം കൂടി ഇന്ന് PV ANVAR അടക്കം പലരും പോസ്റ്റ് ചെയ്ത് കാണുന്നുണ്ട് … ചെന്നിത്തലയുടെ പാർട്ടിയുടെ വെബ്സൈറ്റ് (https://www.inc.in) ഹോസ്റ്റ് ചെയ്തിരിക്കുന്നത് അമേരിക്കൻ വെബ് സേവന കമ്പനിയായ cloudflare-ൽ ആണ് എന്ന് .. കോൺഗ്രസ് മെമ്പർഷിപ്പ് എടുക്കാനടക്കം ആ സൈറ്റ് ഉപയോഗിക്കുന്നുണ്ട് . മെമ്പർഷിപ് എടുക്കുമ്പോൾ പേര് , അഡ്രസ് , ഫോൺ നമ്പർ, Voter ID, Email ID അടക്കമുള്ള സ്വകാര്യ വിവരങ്ങൾ ചോദിക്കുന്നുമുണ്ട് … ആ വിവരങ്ങളൊക്കെ എവിടെയാണ് സ്റ്റോർ ചെയ്യുന്നത് എന്നുകൂടി ചെന്നിത്തലയും ടീമും ഒന്ന് പരിശോധിക്കണം … ഒന്നിനും കൊള്ളില്ലെങ്കിലും കോൺഗ്രെസ്സുകാരുടെ സ്വകാര്യ വിവരങ്ങൾക്കും വിലയുണ്ടാകണമല്ലോ 😉