ഡിവൈഎഫ്ഐയുടെ പരിപാടിയിൽ കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ; ചട്ടലംഘനത്തിന് പരാതി

 

കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ ഡിവൈഎഫ്ഐയുടെ പരിപാടിയിൽ പങ്കെടുത്തത് വിവാദത്തിൽ. ഡിവൈഎഫ്ഐ കൂത്തുപറമ്പിൽ ശനിയാഴ്‌ച സംഘടിപ്പിച്ച സെമിനാറിൽ മുഖ്യ പ്രഭാഷകനായി കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ പിജെ വിൻസെന്‍റ് പങ്കെടുത്തതാണ് വിവാദമായിരിക്കുന്നത്. കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്‍റെ പരസ്യമായ ലംഘനമാണ് പരീക്ഷാ കൺട്രോളർ നടത്തിയിരിക്കുന്നത്.

ഡിവൈഎഫ്ഐ കൂത്തുപറമ്പ് ബ്ലോക്ക് കമ്മിറ്റിയാണ് മലബാർ കലാപത്തിന്‍റെ നൂറ് വർഷങ്ങൾ എന്ന പേരിൽ കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപ പരിസരത്ത് സെമിനാർ സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആയിരുന്നു സെമിനാർ ഉദ്ഘാടനം ചെയ്തത്. സെമിനാറിലെ മുഖ്യ പ്രഭാഷകനായാണ് കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ പിജെ വിൻസെന്‍റ് പങ്കെടുത്തത്. ഒരു മണിക്കൂറോളം അദ്ദേഹം സെമിനാറിൽ സംസാരിച്ചു.

കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ 1960 ലെ നിയമപ്രകാരം റൂൾ 67 സബ് റൂൾ 1 ന്‍റെ പരസ്യമായ ലംഘനമാണ് പരീക്ഷാ കൺ ട്രോളർ നടത്തിയിരിക്കുന്നത്. സർക്കാർ ജീവനക്കാരൻ ഒരിക്കലും രാഷ്ട്രിയത്തിലൊ രാഷ്ട്രിയ പാർട്ടിയുടെ പരിപാടികളിലൊ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള സംഘടനകളുടെ പരിപാടികളിലോ പങ്കെടുക്കാൻ പാടില്ലെന്നാണ് സർവീസ് ചട്ടം അനുശാസിക്കുന്നത്. എന്നാൽ അതിന് വിരുദ്ധമായാണ് പരീക്ഷാ കൺട്രോളറായ പിജെ വിൻസെന്‍റ് ഡിവൈഎഫ്ഐയുടെ പരിപാടിയിൽ പങ്കെടുത്തത്. ഇതിനെതിരെ ചാൻസിലർക്ക് പരാതി കൊടുക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.

Comments (0)
Add Comment