കണ്ണൂരിലെ ചിറക്കൽ ചിറയുടെ നവീകരണം നീളുന്നു

കണ്ണൂരിലെ ചിറക്കൽ ചിറയുടെ നവീകരണം നീണ്ടു പോകുന്നു. നവീകരണത്തിനായി രണ്ട് കോടി മുപ്പത് ലക്ഷം രൂപ അനുവദിച്ചതായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചെങ്കിലും നവീകരണം പ്രവൃത്തി ഇനിയും ആരംഭിച്ചിട്ടില്ല.

ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ചിറയായ ചിറക്കൽ ചിറയുടെ ഇന്നത്തെ അവസ്ഥയാണിത്. ചെളിയും, മാലിന്യങ്ങളും നിറഞ്ഞ് കാട്കയറി കിടക്കുന്നു.

കടുത്ത വേനലിനെ തുടർന്ന് ഒരു വശത്ത് മാത്രമാണ് അൽപമെങ്കിലും വെള്ളമുള്ളത്. 14 ഏക്കർ വിസ്തൃതിയാണ് ചിറക്കൽ ചിറയ്ക്കുള്ളത്. ചില ഭാഗങ്ങൾ കടുത്ത വേനലിനെ തുടർന്ന് വെള്ളം വറ്റി വിണ്ടുകീറി കിടക്കുകയാണ്. മറ്റു ഭാഗങ്ങളിലാവട്ടെ ആമ്പൽ നിറഞ്ഞ് ചെളി മാത്രമാണ് ബാക്കിയുള്ളത്. ചിറക്കൽ ചിറയുടെ നവീകരണത്തിനായി സംസ്ഥാന ജലവിഭവ വകുപ്പാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ടായിരുന്നു ചിറക്കൽ ചിറ സംരക്ഷിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ചിറയിലെ ചെളിയും, കളയും നീക്കം ചെയ്യുവാനും, പുറത്ത് നിന്നുള്ള നീരൊഴുക്ക് തടഞ്ഞ് ചിറ സംരക്ഷിക്കാനായിരുന്നു പദ്ധതി. എന്നാൽ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം രണ്ട് തവണ നടത്തിട്ടും പ്രവൃത്തി ഇതുവരെയും ആരംഭിച്ചിട്ടില്ല. ഇ-ടെൻഡർ വിളിച്ചെങ്കിലും മറ്റു നടപടികൾ ആവാത്തതാണ് ചിറയുടെ നവീകരണ പ്രവൃത്തി നീണ്ടുപോകാൻ കാരണം.

ലോക സഭാ തെരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാനം ഭരിക്കുന്ന ഇടതു മുന്നണി സർക്കാരിന്‍റെ പ്രധാന വികസന പ്രവൃത്തിയായി ചിറക്കൽ ചിറയുടെ നവീകരണ പദ്ധതി ഉയർത്തി കാട്ടിയിരുന്നു.എന്നാൽ ചിറയുടെ നവീകരണ പ്രവൃത്തി ആരംഭിക്കാതെ നീണ്ടു പോവുകയാണ്. നവീകരണ പ്രവൃത്തി നീണ്ടു പോകുന്നതിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധമാണുള്ളത്.

Comments (0)
Add Comment