കണ്ണൂർ വിമാനത്താവള ഉദ്ഘാടന പറക്കൽ; സര്‍ക്കാര്‍ ചെലവില്‍ സി.പി.എം നേതാക്കളുടെ വിമാനയാത്രാ ധൂര്‍ത്ത്

Jaihind Webdesk
Sunday, December 9, 2018

കണ്ണൂരിൽ എയർപോർട്ടിൽ നിന്ന് ആദ്യ ആഭ്യന്തര സർവീസ് നടത്തിയ ഗോ എയർ വിമാനത്തിൽ മുഖ്യമന്ത്രിയും, മന്ത്രിമാരും, മന്ത്രി കുടുംബാംഗങ്ങളും, സി.പി.എം പ്രാദേശിക നേതാക്കളും യാത്ര ചെയ്തത് സർക്കാർ ചിലവിൽ. ഇവരുടെ യാത്രാച്ചെലവ് വഹിച്ചത് സർക്കാർ സ്ഥാപനം. യാത്രനടത്തിയ ഇനത്തില്‍ ചെലവായത് രണ്ടു ലക്ഷത്തി ഇരുപത്തി എണ്ണായിരം രൂപ. പ്രളയത്തിന്‍റെ പേരിൽ സംസ്ഥാന സ്കൂൾ കലോത്സവം ഉള്‍പ്പെടെ  ചെലവ് ചുരുക്കി നടത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിമാനയാത്രാ ധൂർത്ത് നടന്നത്.

സർക്കാരിന്‍റെ കീഴിലുള്ള ഒഡപാക്ക് എന്ന റിക്രൂട്ട്മെന്‍റ് സ്ഥാപനമാണ് കണ്ണൂർ എയർപോർട്ടിൽ നിന്ന് ആദ്യ ആഭ്യന്തര സർവീസ് നടത്തിയ ഗോ എയർ വിമാനത്തിലെ യാത്രക്കാരുടെ ചെലവ് വഹിച്ചത്. വിമാനത്തിൽ യാത്ര ചെയ്തതാകട്ടെ മുഖ്യമന്ത്രിയും മന്ത്രിമാരും മന്ത്രി കുടുംബാംഗങ്ങളും സി പി എം പ്രാദേശിക നേതാക്കളും മട്ടന്നൂർ നഗര സഭാ വൈസ് ചെയർമാനും അടക്കം 64 പേർ. 64 യാത്രക്കാരുടെ ചിലവിനത്തിൽ ഒഡപാക്ക് നൽകിയതാകട്ടെ രണ്ടു ലക്ഷത്തി ഇരുപത്തി എണ്ണായിരം രൂപയും.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ശൈലജ ടീച്ചർ, എ.കെ ശശീന്ദ്രൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി എം പി, സി.കെ.നാണു എന്നിവർ വിമാനത്തിൽ യാതക്കാരായി ഉണ്ടായിരുന്നു. അവർക്കൊപ്പം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഭാര്യ വിനോദിനിയും മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബവും ഉൾപ്പെടുന്നു. പി.കെ ശ്രീമതി യും മകൻ സുധീർ പി.കെയും കുടുംബവും ആദ്യ യാത്രക്കാരായി ഇവർക്കൊപ്പം തിരുവനന്തപുരത്ത് ഇറങ്ങി, മന്ത്രി കെ.കെ ശൈലജയുടെ പേഴ്സണൽ സ്റ്റാഫംഗവും, ഡിവൈഎഫ്ഐ നേതാവുമായ പി.സന്തോഷും, എം എൽ എ മാരായ എ.എൻ ഷംസീർ, ജയിംസ് മാത്യുവും ഇതേ വിമാനത്തിൽ സർക്കാർ ചെലവിൽ യാത്ര ചെയ്തു. ശൈലജ ടീച്ചറും ഭർത്താവ് ഭാസ്ക്കരൻ മാസ്റ്ററുമാണ് ഈ വിമാനത്തിലെ മറ്റൊരു യാത്രക്കാർ. ഇടതുപക്ഷത്തെ കണ്ണൂരിലെ പ്രമുഖ നേതാക്കളും ഇതിൽ ഉൾപ്പെടുന്നു.

യാത്രക്കാരുടെ ചിലവ് എന്തിനു വഹിച്ചു എന്ന ചോദ്യത്തിന് മന്ത്രിമാർക്ക് പണം ഇത്തരത്തിൽ ചിലവാക്കാറുണ്ടെന്നും എന്നാൽ അത് പിന്നീട് തിരിച്ചടയ്ക്കാറുണ്ടെന്നുമാണ് ഒഡപാക്കിന്‍റെ വിശദീകരണം. എന്നാൽ മന്ത്രി മാരോടൊപ്പം യാത്ര ചെയ്ത മറ്റു യാത്രക്കാരുടെ ചിലവ് എന്തിനു വഹിച്ചു എന്നും അത് എങ്ങനെ ഈടാക്കുമെന്നും ഉള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.