കാനം പിണറായിക്ക് കീഴടങ്ങി, സിപിഐയുടെ അസ്തിത്വം പണയംവെച്ചു : കെ സുധാകരന്‍ എംപി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്‍റെ പാര്‍ട്ടിയുടെ അസ്തിത്വം പണയം വെച്ചെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. കേരളത്തില്‍ ഭീതിദമായ രീതിയില്‍ വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അക്രമസംഭവങ്ങളില്‍ പ്രതികരിച്ച സിപിഐ ദേശീയ നേതാവ് ആനി രാജയെ വിമര്‍ശിക്കുക വഴി സിപിഎമ്മിനോടുള്ള അസാധാരണമായ വിധേയത്വമാണ് പ്രകടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണനേതൃത്വം വഹിക്കുന്ന സിപിഎമ്മിന് സംഭവിക്കുന്ന വീഴ്ചകളെ പൊതുസമൂഹത്തിന് മുന്നില്‍ വിമര്‍ശിക്കാനും തിരുത്തല്‍ നടപടികള്‍ ആവശ്യപ്പെടാനും സിപിഐക്ക് മുമ്പ് സാധിച്ചിരുന്നു. ഇടതുപക്ഷമൂല്യം പലപ്പോഴും സിപിഐ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് സിപിഐയുടെ ദേശീയ വനിതാ നേതൃത്വം ക്രമസമാധാന തകര്‍ച്ചയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍, വിമര്‍ശിച്ചവരെ തള്ളാനും ഭരണനേതൃത്വത്തെ തലോടാനുമാണ് കാനം തയാറായത്.

വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളിലും കൊലപാതകങ്ങളിലും കേരള സമൂഹം കടുത്ത ആശങ്കയിലാണ്. നീതിന്യായപീഠങ്ങളും ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. കാനം രാജേന്ദ്രന്‍റെ നിലപാടുകള്‍ പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്നും കെ സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി.

Comments (0)
Add Comment