മഞ്ചേശ്വരവും കൈവിട്ടതോടെ ഉപതെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി കെ. സുരേന്ദ്രന്‍; യു.ഡി.എഫിന്റെ കൂറ്റന്‍ ലീഡ് തകര്‍ക്കാന്‍ എതിരാളികള്‍ വിയര്‍ക്കും

Jaihind Webdesk
Sunday, June 2, 2019

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മൂന്നാംസ്ഥാനത്തായിരുന്ന കെ.സുരേന്ദ്രന് സ്വന്തം പാര്‍ട്ടിക്കാര്‍ കാലുവാരിയതും എന്‍.എസ്.എസിന്റെ പിന്തുണയില്ലാത്തതും തിരിച്ചടിയായിരുന്നു. പത്തനംതിട്ടയില്‍ തോറ്റാലും മഞ്ചേശ്വരത്ത് മത്സരിക്കുമെന്ന സൂചനകള്‍ ആദ്യം നല്‍കിയിരുന്ന സുരേന്ദ്രന്‍ ക്യാമ്പ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് തല്‍ക്കാലം പിന്‍മാറുകയാണ്.

പാര്‍ട്ടിയിലെ എതിര്‍ഗ്രൂപ്പുകളില്‍ നിന്നുള്ള പാരപണിയല്‍ കുറയ്ക്കാതെ തെരഞ്ഞെടുപ്പില്‍ നിന്നിട്ട് കാര്യമില്ലെന്നാണ് സുരേന്ദ്രനോട് അടുത്ത് നില്‍ക്കുന്നവര്‍ കരുതുന്നത്. ആദ്യം പാര്‍ട്ടിയില്‍ സുരക്ഷിതനാകുക എന്നതാണ് ഇനി സുരേന്ദ്രന്റെ ലക്ഷ്യം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേടിയ ലീഡ് കണ്ട് അമ്പരന്നാണ് സുരേന്ദ്രന്‍ പിന്‍മാറിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 89 വോട്ടിന് യുഡിഎഫ് ജയിച്ച മഞ്ചേശ്വരം മണ്ഡലത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേടിയത് 11113 വോട്ടിന്റെ ലീഡാണ്. ശക്തി കേന്ദ്രത്തില്‍ ഇത്രയും വോട്ടിന് പിന്നില്‍ പോയത് ബിജെപിയുടെ ഇപ്പോഴത്തെ നില ഒട്ടും സുരക്ഷിതമല്ലെന്ന സൂചനകളാണ് നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.

കെ സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം വീണ്ടും പൊരുതി നോക്കാന്‍ പ്രേരിപ്പിക്കുന്നതല്ല ലോക്‌സഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍. സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയതോടെ പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്ക് വരും ദിവസങ്ങളില്‍ തന്നെ ബിജെപി തുടക്കും കുറിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേടിയ ലീഡിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോവുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് കഴിഞ്ഞപ്പോള്‍തന്നെ പരാജയം ഉറപ്പിച്ചിരുന്നുവെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞിരുന്നു.