‘പ്രതിഷേധക്കാരെ കായികമായി നേരിടുന്ന പോലീസ് ഉദ്യോഗസ്ഥരെ പൊതുജനം തെരുവില്‍ കെെകാര്യം ചെയ്യും’: കെ സുധാകരന്‍ എംപി

Jaihind Webdesk
Thursday, April 21, 2022

കെ റെയില്‍ കല്ലിടലില്‍ സുരക്ഷയുടെ പേര് പറഞ്ഞ്  പോലീസ് അഴിഞ്ഞാടുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. ജനാധിപത്യയ രീതിയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അടിനാഭിക്ക് പോലീസ് ബൂട്ടിട്ട് തൊഴിച്ച് താഴെയിടുന്ന കാഴ്ച പ്രതിഷേധാര്‍ഹമാണ്. കോട്ടയം മാടപ്പള്ളിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പോലീസ് നടത്തിയ തേര്‍വാഴ്ച കേരളം മറന്നിട്ടില്ല. ജനങ്ങളെ കയ്യേറ്റം ചെയ്യാനും ചവിട്ടിമെതിക്കാനും ആരാണ് പോലീസിന് അധികാരം നല്‍കിയത്. പോലീസിന്‍റെ ലാത്തിക്കും തോക്കിനും മുന്നില്‍ പിന്തിരിഞ്ഞ പാരമ്പര്യം കോണ്‍ഗ്രസിനില്ലെന്ന് ആഭ്യന്തരമന്ത്രിയുടെ ഉത്തരവ് നടപ്പാക്കാന്‍ ഇറങ്ങുന്ന പോലീസ് ഉദ്യോഗസ്ഥര്‍ തിരിച്ചറിയുന്നതാണ് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിഷേധക്കാരെ കായികമായി നേരിടുന്ന പോലീസ് ഉദ്യോഗസ്ഥരെ പൊതുജനം തെരുവില്‍ കെെകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകും. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യറാകണം. അല്ലെങ്കില്‍ കേരളീയസമൂഹത്തിന്‍റെ പ്രതിഷേധ പ്രതികരണത്തെ അഭിമുഖീകരിക്കേണ്ടിവരും.അധികാരമുഷ്ടി പ്രയോഗിച്ച് സര്‍വ്വെക്കല്ല് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി തുനിഞ്ഞാല്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതെല്ലാം പിഴുതെറിഞ്ഞിരിക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

കെ.റെയില്‍ വിരുദ്ധ പ്രതിഷേധക്കാരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്നുള്ള സര്‍ക്കാരിന്‍റെ വ്യാമോഹം മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമായി അവശേഷിക്കും. പ്രതിഷേധത്തെ ഭയന്ന് സിപിഎമ്മിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസ് സമയത്ത് കല്ലിടല്‍ നിര്‍ത്തിവെച്ചിരുന്നു.കെ.റെയില്‍ പദ്ധതി ഉപേക്ഷിക്കുന്നതുവരെ ശക്തമായ പോരാട്ടം കോണ്‍ഗ്രസ് നടത്തും.

മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ എതിർപ്പും സമരവുമായി രംഗത്തുള്ള സിപിഎം കെ.റെയില്‍ പ്രതിഷേധത്തിനെതിരെ മുഖം തിരിക്കുന്നത് ഇരട്ടത്താപ്പാണ്.ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസറുകള്‍ക്ക് മുന്നില്‍ ചാടിവീണ വൃന്ദാകാരാട്ട് കെ.റെയില്‍ പദ്ധതിയുടെ പേരില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ പതിനായിരങ്ങളുടെ കണ്ണീര്‍ കാണാതെ പോകുന്നത് നിരാശാജനകമാണെന്നും സുധാകരന്‍ പറഞ്ഞു.

നരകത്തില്‍ നിന്നുള്ള പദ്ധതിയാണ് കെ.റെയിലെന്നും അത് നടപ്പായാല്‍ കേരള ജനതയുടെ ജീവിതം ദുരിതത്തിലാകുമെന്നും പദ്ധതിയുടെ പ്രാഥമിക സാധ്യതാ പഠനം നടത്തിയ അലോക് കുമാര്‍ വര്‍മ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പദ്ധതിയുടെ അപ്രായോഗികത മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ അലോക് കുമാര്‍ വര്‍മ്മ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ കാണാന്‍പോലും തയ്യാറാകാത്തത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ്. കേരളം ഒന്നടങ്കം ഈ പദ്ധതിയെ എതിര്‍ക്കുമ്പോള്‍ അത് ഏത് വിധേനയും നടപ്പാക്കുമെന്ന വെല്ലുവിളിയാണ് മുഖ്യമന്ത്രി നടത്തുന്നത്. ഈ വെല്ലുവിളിയെ അതിജീവിക്കാനുള്ള കരുത്ത് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടെന്ന് വരുംദിവസങ്ങളില്‍ മുഖ്യമന്ത്രിക്ക് ബോധ്യപ്പെടുമെന്ന് സുധാകരന്‍ പറഞ്ഞു.