‘ചികിത്സയ്ക്ക് അമേരിക്ക, പഠനത്തിന് ഗുജറാത്ത്’; മോദി -പിണറായി കൂടിക്കാഴ്ച്ചയില്‍ നടന്നത് എന്തെന്ന് വ്യക്തമാക്കണം : കെ മുരളീധരന്‍ എംപി

Jaihind Webdesk
Friday, April 29, 2022

തിരുവനന്തപുരം : ചീഫ് സെക്രട്ടറിയെ ഗുജറാത്ത് മോഡല്‍ പഠിപ്പിക്കാന്‍ ഗുജറാത്തില്‍ അയച്ചതില്‍ രൂക്ഷ വിമർശനവുമായി കെ മുരളീധരന്‍ എംപി. ചീഫ് സെക്രട്ടറിയെ ഗുജറാത്തില്‍ അയച്ച് പഠനം നടത്തുന്നത് മോദി പിണറായി കൂടിക്കാഴ്ചയുടെ ഭാഗമാണ്. കേരളത്തെ ഗുജറാത്ത് ആക്കാന്‍ ശ്രമം നടക്കുന്നു. നേരത്തെ മോദി -പിണറായി കൂടിക്കാഴ്ച്ചയില്‍ നടന്നത് എന്തെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗുജറാത്തില്‍ നിന്ന് എന്താണ് കണ്ട് പഠിക്കേണ്ടത് ? എട്ട് വര്‍ഷമായി ഗുജറാത്തില്‍ നല്ല മുഖ്യമന്ത്രി ഭരണം പോലും ഇല്ല.
പOനത്തിന് ഗുജറാത്തും ചികിത്സയ്ക് അമേരിക്കയുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഗുജറാത്തിലേക്കുള്ള യാത്ര അപകടം പിടിച്ച കളിയാണ്. സംസ്ഥാനത്ത് ബിജെപിയെ വളര്‍ത്താന്‍ കേന്ദ്രം ശ്രമിക്കുന്നുണ്ട്. ശിവഗിരിയെ വര്‍ഗീയവത്ക്കരിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന കോടിയേരിയുടെ ആക്ഷേപം ശരിയാണ്, എന്നാല്‍ ഇതിന് സിപിഎമ്മും പിന്തുണ നല്‍കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിലും അദ്ദേഹം വിമർശനമുന്നയിച്ചു. കേരളത്തില്‍ സാമ്പത്തികമായി തകര്‍ന്നു, ശമ്പളം കൊടുക്കാന്‍ കാശില്ല. ഒരു ഭാഗത്ത് സാമ്പത്തിക പ്രതിസന്ധി മുറുകുമ്പോള്‍ മറുഭാഗത്ത് സർക്കാർ ധൂർത്ത് തുടരുകയാണ്. മുഖ്യമന്ത്രി അടിക്കടി വിദേശയാത്ര നടത്തുന്നതെന്തിനെന്ന് വ്യക്തമാക്കണമെന്നും മുരളീധരന്‍ എംപി ആവശ്യപ്പെട്ടു.

കേരളത്തിലെ  ക്രമസമാധാനം തകർന്നു. അക്രമങ്ങള്‍ നിത്യസംഭവങ്ങളാകുമ്പോള്‍ സംസ്ഥാനത്തെ നിയന്ത്രിക്കാന്‍ ഇവിടെ  ആളില്ല. കെ റെയില്‍ പ്രതിഷേധക്കാരെ തടയുന്നത് മാത്രമാണ് ആകെ നടക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്‍റെ ഒരു വര്‍ഷത്തെ പ്രോഗ്രസ് കാര്‍ഡ് വട്ടപൂജ്യമാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിന് എയിംസ് അനുവദിക്കുന്നതില്‍ ആരോഗ്യമന്ത്രിയുടെ കത്ത് ലഭിച്ചു. വിഷയം ധനകാര്യ വകുപ്പിന്‍റെ  പരിഗണയിലാണ്. ഉടന്‍ എയിംസിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്ത് നല്‍കിയെന്നും കേന്ദ്രത്തിന്‍റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.