മലയോര ജനതയുടെ ഹൃദയം കവർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പര്യടനം പൂർത്തിയായി. പൊരിവെയിലിൽ പോലും തളരാത്ത ആവേശത്തിലാണ് ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിനാളുകൾ സ്ഥാനാർത്ഥിയെ വരവേറ്റത്.
ബാൻഡ് വാദ്യത്തിന്‍റെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെയാണ് മലയോരമേഖല കെ മുരളീധരനെ സ്വാഗതം ചെയ്തത്. ഓരോ കേന്ദ്രത്തിൽ നിന്നും അടുത്ത കേന്ദ്രത്തിലേക്ക് ബൈക്ക് റാലിയുടെ അകമ്പടിയും പ്രചാരണത്തിന് നിറം പകര്‍ന്നു. സാംസ്കാരിക സമിതിയുടെ നാടകവും കെ.എം.സി.സിയുടെ കലാജാഥയും കൊഴുപ്പേകി. രാവിലെ 9 മണിയോടെ തുറവൂരിലായിരുന്നു ആദ്യ സ്വീകരണം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ സ്ഥാനാർത്ഥിയെ കാണാനും അഭിവാദ്യം അർപ്പിക്കാനുമായി കാത്തിരിപ്പുണ്ടായിരുന്നു.
ഇടതുപക്ഷ കോട്ടയായി കണക്കാക്കപ്പെടുന്ന പേരാമ്പ്ര നിയോജക മണ്ഡലത്തിലെ എല്ലാസ്ഥലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥിയെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിച്ചേര്‍ന്നത്. കൊടിതോരണങ്ങളാലും മുദ്രാവാക്യം വിളികളാലും ജനക്കൂട്ടം കെ മുരളീധരനെ വരവേറ്റപ്പോള്‍ ആവേശം വാനോളമുയര്‍ന്നു. പലസ്ഥലങ്ങളിലും തിങ്ങിക്കൂടിയ ജനങ്ങളുടെ ആധിക്യം കാരണം സ്ഥാനാർഥിയെ വേദിയിൽ എത്തിക്കാൻ സംഘാടകർ നന്നേ പാടുപെട്ടു. കീഴരിയൂർ, അരിക്കുളം, ചെറുവണ്ണൂർ, ചക്കിട്ടപ്പാറ തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് നടന്ന സ്വീകരണം രാത്രി ഏറെ വൈകി ചേനോലി കനാൽ മുക്കിൽ അവസാനിച്ചു.