‘ധാർമ്മികതയുടെ പേരിലെങ്കിലും രാജിവെക്കണം, ഇല്ലെങ്കില്‍ നാണംകെട്ട് പുറത്തു പോകേണ്ടിവരും’ ; ശിവന്‍കുട്ടിക്കെതിരെ കെ.മുരളീധരൻ

Jaihind Webdesk
Sunday, August 1, 2021

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസില്‍ ധാർമ്മികതയുടെ പേരിലെങ്കിലും വി.ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കെ.മുരളീധരൻ എംപി. രാജിവെക്കാൻ  തയ്യാറായില്ലെങ്കിൽ നാണംകെട്ട് പുറത്തു പോകേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വ്യാപനം സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്നും കെ മുരളീധരൻ എംപി ആവശ്യപ്പെട്ടു

ധാർമികത ഇല്ലാത്ത പാർട്ടിയായി സിപിഎം മാറി. ശിവൻകുട്ടി ഇപ്പോൾ രാജിവെച്ചാൽ ധാർമ്മികത എങ്കിലും ഉയർത്തിക്കാട്ടാം.  കോടതി രാജിവെപ്പിച്ചാൽ സർക്കാരിന്റെ മുഖം തന്നെ വികൃതമാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിയെ മാതൃകയാക്കി സ്കൂളിൽ കുട്ടികൾ തുണി പൊക്കി കാണിച്ചാൽ അധ്യാപകർക്ക് ശിക്ഷിക്കാൻ കഴിയാതെ വരുമെന്നും  മുരളീധരൻ പരിഹസിച്ചു. കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിക്കണമെന്നും,ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ മാനിച്ച് നിയന്ത്രണങ്ങളിൽ മാറ്റംവരുത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.