നസീറിന് നേരെയുണ്ടായ വധശ്രമം ഗൗരവകരം; പി ജയരാജന്‍റെ പങ്ക് അന്വേഷിക്കണം; സി.പി.എമ്മിന് എതിരാളികളെ ഇല്ലാതാക്കുന്ന നയം : കെ മുരളീധരന്‍

Jaihind Webdesk
Sunday, May 19, 2019

വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സി.പി.എം നേതാവുമായ സി.ഒ.ടി നസീറിന് നേരെയുണ്ടായ വധശ്രമം വളരെ ഗൗരവത്തിൽ കാണേണ്ട കാര്യമെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. ആക്രമണത്തിന് പിന്നില്‍ വടകരയിലെ സി.പി.എം സ്ഥാനാര്‍ഥി പി ജയരാജന് പങ്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ജയരാജന്‍ അറിയാതെ ഇത്തരത്തിലൊരു ആക്രമണം നടക്കില്ല. എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന നയമാണ് സി.പി.എമ്മിന്‍റേത്. ഇത് അനുവദിക്കാനാവില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ചര്‍ച്ചയായത് സി.പി.എമ്മിന്‍റെ അക്രമരാഷ്ട്രീയമാണ്. വടകരയിലെ സമാധാനം എന്ന ആശയം മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് അവിടെ പ്രവര്‍ത്തിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലെത്തിയപ്പോള്‍ തന്നെ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കെതിരെ വധശ്രമം ഉണ്ടായിരിക്കുന്നു. നസീര്‍ സി.പി.എമ്മിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്ന ആളാണ്. സി.പി.എമ്മുമായുള്ള ആഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് അദ്ദേഹം  പാര്‍ട്ടി വിട്ടത്. ഇപ്പോള്‍ അദ്ദേഹത്തിന് നേരെയുണ്ടായിരിക്കുന്ന വധശ്രമം സി.പി.എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്.

നസീറിന് നേരെ മുമ്പും ആക്രമണമുണ്ടായിട്ടുണ്ട്. ഇന്‍റലിജൻസ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടും സ്ഥാനാർഥിക്ക് നേരേ ആക്രമണമുണ്ടായ സംഭവം വളരെ ഗൗരവമായി കാണേണ്ടതുണ്ട്. അക്രമികളുടെ പേരുൾപ്പെടെ പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. പി ജയരാജന്‍റെ അറിവോടെയാണ് ആക്രമണം നടന്നിരിക്കുന്നത്. ജയരാജന്‍റെ ക്രിമിനല്‍ പശ്ചാത്തലവും കൊലപാതകക്കേസിലുള്‍‌പ്പെടെ പ്രതി ആണെന്നതും ചേര്‍ത്തുവായിച്ചാല്‍ ഇത്തരത്തില്‍ സംശയിച്ചാല്‍ തെറ്റ് പറയാനാവില്ല. സംഭവത്തില്‍ ജയരാജന്‍റെ പങ്ക് അന്വേഷിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏപ്രില്‍ 23 ന് വോട്ടെടുപ്പ് ദിവസം തനിക്ക് നേരെയും സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി. എന്നാല്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല, ഇതുവരെ തന്‍റെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. എതിരാളികളെ ഇല്ലാതാക്കുന്ന നയമാണ് സി.പി.എമ്മിന്‍റേതെന്നും ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.