യു.ഡി.എഫിന്‍റേത് തിളക്കമാര്‍ന്ന വിജയം; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും ബി.ജെ.പിയുടെ ഇരട്ടത്താപ്പും ജനം തിരിച്ചറിഞ്ഞു : കെ മുരളീധരൻ

Jaihind Webdesk
Tuesday, May 28, 2019

K-Muraleedharan

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും ബി.ജെ.പിയുടെ ഇരട്ടത്താപ്പും ജനം തിരിച്ചറിഞ്ഞെന്ന് നിയുക്ത എം.പി കെ മുരളീധരന്‍. ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് ജനങ്ങള്‍ക്ക് മനസിലാക്കി. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും തെറ്റായ നിലപാടുകളും ഇടതുമുന്നണിക്ക് തിരിച്ചടിയായി. എല്ലാ സീറ്റുകളിലും മികച്ച ഭൂരിപക്ഷം നേടിയാണ് ഐക്യജനാധിപത്യ മുന്നണി വിജയിച്ചത്. തിളക്കമാർന്ന വിജയമാണ് സംസ്ഥാനത്ത് യു.ഡി.എഫിന്‍റേതെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

മാർക്സിസ്റ്റ് പാർട്ടിയുടെ വോട്ടുകളിൽ ശക്തമായ അടിയൊഴുക്കുണ്ടായി. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും തെറ്റായ നിലപാടുകളും ഇടതു വോട്ടുകളെ ബാധിച്ചു. ആലത്തൂരും തളിപ്പറമ്പുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാന്‍പോകുന്ന ഉപതെരഞ്ഞെടുപ്പിലും പിണറായി സർക്കാരിനെതിരായ വിധിയെഴുത്ത് ഉണ്ടാവും. യു.ഡി.എഫ് മികച്ച വിജയം നേടും. കോടതിയില്‍ കേസ് നിലനില്‍ക്കുന്നത് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന് തടസമായേക്കും. ബി.ജെ.പി കേസ് പിന്‍വലിച്ചാല്‍ തന്‍റെ ഹര്‍ജിയും പിന്‍വലിക്കാമെന്ന് കെ മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ശൈലി മാറ്റാൻ തയാറാവാത്തത് ബംഗാളും ത്രിപുരയും പോലെ കേരളത്തിലും സംഭവിക്കാൻ ആഗ്രഹിക്കുന്നതു കൊണ്ടാവുമെന്നും മുരളീധരന്‍ പരിഹസിച്ചു. അക്രമരാഷ്ട്രീയത്തോട് സന്ധി ചെയ്യാന്‍ യു.ഡി.എഫ് ഒരിക്കലും തയാറാവില്ല.  ശബരിമലയെ രാഷ്ട്രീയ ആയുധമാക്കാനുള്ള ബി.ജെ.പിയുടെ ശ്രമം ജനം തിരിച്ചറിഞ്ഞു. ബി.ജെ.പിയുടെ കാപട്യത്തിനെതിരെ ജനം വിധിയെഴുതി. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായി. തെരഞ്ഞെടുപ്പിനെയും വിശ്വാസസംരക്ഷണത്തെയും യു.ഡി.എഫ് ഒരിക്കലും കൂട്ടിക്കുഴയ്ക്കില്ല. യു.ഡി.എഫിന്‍റെ നയം ജനങ്ങള്‍ അംഗീകരിച്ചു എന്നതാണ് തെരഞ്ഞെടുപ്പില്‍ വ്യക്തമായതെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.