കടക്കെണിയിലായ ജനത്തിന് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും പ്രഭാഷണം കേട്ടാല്‍ വയറു നിറയുമോ?: കെ. മുരളീധരന്‍ എംപി

Jaihind Webdesk
Friday, November 3, 2023

തിരുവനന്തപുരം: സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളിൽ പൊറുതിമുട്ടി കടക്കെണിയിലായ ജനങ്ങൾക്ക് മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും പ്രസംഗം കേട്ടാൽ വയറു നിറയില്ലെന്ന് കെ. മുരളീധരൻ എംപി. ബസ് യാത്ര നടത്തി ജനങ്ങളെ കാണാൻ എത്തുന്ന മുഖ്യമന്ത്രിക്കും സംഘത്തിനും മുന്നിൽ ജനങ്ങൾ പറയുന്ന ആവശ്യങ്ങൾ നിറവേറ്റുവാൻ സർക്കാരിന്റെ കയ്യിൽ പണമുണ്ടോ എന്നദ്ദേഹം ചോദിച്ചു. പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാർ ജീവനക്കാരെ വിശ്വാസത്തിൽ എടുക്കുന്നില്ലന്നദ്ദേഹം കുറ്റപ്പെടുത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ അനന്തപുരി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കയ്യിൽ നാല് കാശില്ലാതെ മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും പ്രഭാഷണം കേട്ടാൽ ജനങ്ങളുടെ വയറ് നിറയുമോ? ജനങ്ങളിവിടെ പ്രയാസത്തിലും സാമ്പത്തികമായി ബുദ്ധിമുട്ടിലും പട്ടിണിയിലുമാണ്. ആ സമയത്താണ് സിനിമാ നടൻമാരെ വെച്ച് കേരളപ്പിറവി ആഘോഷിച്ച് ഏറ്റവും വലിയ ജനാധിപത്യ സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖ്യമന്ത്രി സെൽഫിയെടുത്ത് ആനന്ദിക്കുന്നത്. ഏഴാം ക്ലാസുകാരന്‍റെ ഫോൺ സന്ദേശം കേട്ട് പേടിച്ച മുഖ്യമന്ത്രിയാണ് ഇരട്ടച്ചങ്കൻ എന്ന് പറയുന്നത്. ഓരോ ദിവസവും കൂട്ടിക്കൊണ്ടിരിക്കയാണ് മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി. മുഖ്യമന്ത്രിയുടെ യാത്രക്കുള്ള ലക്ഷ്വറി ബസിന്‍റെ പകുതി മുഖ്യമന്ത്രിക്കും ബാക്കി 20 മന്ത്രിമാർക്കും എന്നാണ് കേൾക്കുന്നത്. ജന്മി കുടിയാൻ ബന്ധം അവസാനിപ്പിച്ചു എന്ന് പറഞ്ഞ പാർട്ടിയല്ലേ മാർക്സിസ്റ്റ് പാർട്ടി. മുഖ്യമന്ത്രി എന്ന ജന്മി പകുതി കാബിൻ ഉപയോഗിക്കുമ്പോൾ അടിയാന്മാരായ മന്ത്രിമാർക്ക് ബാക്കി സ്ഥലമേ ഉള്ളൂവെന്ന് അദ്ദേഹം പരിഹസിച്ചു. എല്ലാം കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുന്നു.

ചില പ്രത്യേക സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയത് . 22 സംസ്ഥാനങ്ങളിൽ പങ്കാളിത്ത പെൻഷൻ നടപ്പാക്കി കേരളത്തിന് മാത്രമായി അതിൽ നിന്നും മാറി നിൽക്കാർ കഴിയില്ല എന്ന സ്ഥിതിയിലാണ് നടപ്പാക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതുകൊണ്ട് യാതൊരു മെച്ചവും സർക്കാരിനോ ജീവനക്കാർക്കോ ഇല്ല എന്ന് മനസിലാക്കിയപ്പോഴാണ് ആ തീരുമാനത്തിൽ നിന്നും പിൻമാറാൻ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് തിരുമാനിച്ചത്. എന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് പറഞ്ഞവർക്ക് പിൻവലിക്കാൻ മടിയെന്തിന്? അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം തല കുത്തി നിന്നാലും ഒരു സീറ്റു പോലും കിട്ടില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.

ശമ്പള കമ്മീഷനെ നിയമിക്കുക, ആറു ഗഡു ഡിഎയും ലീവ് സറണ്ടറും അനുവദിക്കുക, മെഡിസെപ്പ് കുറ്റമറ്റതാക്കി നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, സെക്രട്ടേറിയറ്റ് തസ്തികകൾ സംരക്ഷിക്കുക, സെക്രട്ടേറിയറ്റിന് ദ്രോഹകരമായ ശുപാർശകൾ തള്ളിക്കളയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച അനന്തപുരി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.