പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും തണലാകാന്‍ ‘കരുതല്‍ കഴക്കൂട്ടം’ പദ്ധതി; കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Wednesday, February 16, 2022

തിരുവനന്തപുരം : കരുതൽ കഴക്കൂട്ടം പദ്ധതി പാവങ്ങൾക്കും സാധാരണക്കാർക്കും തണലാകുമെന്ന് കെ മുരളീധരൻ എംപി. കരുതൽ കഴക്കൂട്ടം ചാരിറ്റബിൾ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുതൽ കഴക്കൂട്ടം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ജെ.എസ് അഖിൽ അധ്യക്ഷത വഹിച്ചു. കാരുണ്യ പദ്ധതിക്ക് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് ദേശീയ കോര്‍ഡിനേറ്റർ ജെഎസ് അഖിലിനെ കെ മുരളീധരന്‍ എംപി അഭിനന്ദിച്ചു.

കേൾവി ശക്തി ഇല്ലാത്ത കുട്ടി ശ്രവണ യന്ത്രം നൽകിക്കൊണ്ടാണ് കരുതൽ കഴക്കൂട്ടം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ചെറുപ്പക്കാരുടെ ഓരോ പദ്ധതികളെയും സഹായിക്കേണ്ട ചുമതല സമൂഹത്തിനുണ്ട്. പുതിയ തലമുറ സമൂഹത്തിൽ ഉയർന്നുവരണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് കെ മുരളീധരന്‍ എംപി പറഞ്ഞു. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് വികസന രംഗത്ത് ഒരിക്കലും രാഷ്ട്രീയം കലർത്തിയിട്ടില്ല. ഇന്ന് പലപ്പോഴും വികസനത്തിൽ രാഷ്ട്രീയം കലരുന്നതായി കെ മുരളീധരന്‍ എംപി കുറ്റപ്പെടുത്തി.

കഴക്കൂട്ടത്തെ വികസന പ്രവർത്തനങ്ങളിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി രൂപപ്പെടുത്തിയതാണ് കരുതല്‍ കഴക്കൂട്ടം എന്ന കൂട്ടായ്മ.  ഏറെക്കാലത്തെ തന്‍റെ സ്വപ്നമാണ് ‘കരുതൽ കഴക്കൂട്ടം’ എന്നും യാഥാര്‍ത്ഥ്യമാക്കാനായതില്‍ വളരെ സന്തോഷമുണ്ടെന്നും കരുതൽ കഴക്കൂട്ടം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ജെ.എസ് അഖില്‍ പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് പാലോട് രവി, അഡ്വ എം.എ വാഹിദ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.