‘സ്വർണ്ണമുഖ്യന്‍’ രാജിവെക്കണം; സ്വന്തം വകുപ്പില്‍ നടക്കുന്നതൊന്നും അറിയാത്ത മുഖ്യമന്ത്രി ആരുടെ റബ്ബർ സ്റ്റാമ്പാണെന്ന് കെ.മുരളീധരന്‍ എം.പി| VIDEO

Jaihind News Bureau
Thursday, July 9, 2020

 

കോഴിക്കോട്:  സ്വര്‍ണ്ണക്കടത്ത് കേസിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് കെ.മുരളീധരന്‍ എം.പി. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് വ്യക്തമായിരിക്കുന്നു. സ്വന്തം സെക്രട്ടറി വഴിവിട്ട് സഞ്ചരിക്കുന്നുവെന്ന് എന്തുകൊണ്ട് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

സ്വന്തം ഓഫീസിലും വകുപ്പിലും നടക്കുന്നതൊന്നും അറിയാത്ത മുഖ്യമന്ത്രി ആരുടെ റബ്ബര്‍ സ്റ്റാമ്പാണെന്ന് വ്യക്തമാക്കണം. ശിവശങ്കർ  മാത്രമല്ല അദ്ദേഹത്തെ സഹായിക്കുന്ന ചിലർ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉണ്ടായിരുന്നു. ഒരു വർഷത്തേക്കുള്ള അവധി ശിക്ഷയല്ല ശിവശങ്കരനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ലാവലിൻ കേസ് അന്വേഷിച്ചതുപോലെയല്ല ഈ കേസ് അന്വേഷിക്കേണ്ടത്. ഏത് സാഹചര്യത്തെയും നേരിടാൻ യുഡിഎഫ് തയ്യാറാണ്. അന്വേഷണം ശരിയായ രീതിയിൽ നടത്തണം. അല്ലാത്ത പക്ഷം കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സമരം ചെയ്യും. എൽഡിഎഫ് നടത്തുന്ന ലംഘനങ്ങൾക് ഇതുവരെയും സർക്കാർ കേസ് എടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

https://www.facebook.com/JaihindNewsChannel/videos/2739861426271468