കടത്തനാട്ടില്‍ അജയ്യനായി മുരളീധരന്‍

Jaihind Webdesk
Friday, May 24, 2019

 

മിന്നും ജയവുമായി കടത്തനാടൻ മണ്ണിൽ കെ മുരളീധരൻ. എൽ.ഡി.എഫ് സ്ഥാനാർഥി പി ജയരാജനെ 84,663 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മുരളീധരൻ പരാജയപ്പെടുത്തിയത്.

സ്ഥാനാർഥി പ്രഖ്യാപനം മുതൽ കേരളം ഉറ്റു നോക്കിയ മണ്ഡലമായിരുന്നു വടകര. സി.പി.എമ്മിന്‍റെ കൊലപാതക രാഷ്ട്രീയം ഏറെ ചര്‍ച്ചയായ മണ്ഡലത്തില്‍ മതേതരത്വത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം ഉയര്‍ത്തിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ കളം നിറഞ്ഞത്. അക്രമരാഷ്ട്രീയത്തിന്‍റെ വക്താക്കളെ ജനം തിരസ്കരിച്ചു എന്നത് കൂടിയാണ് കെ മുരളീധരന്‍റെ ആധികാരിക വിജയത്തിലൂടെ വടകരയില്‍ വ്യക്തമായത്.

കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ നൽകിയ ശക്തമായ താക്കീതാണ് തന്‍റെ വിജയമെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. വോട്ടെണ്ണലിൽ ഒരു വട്ടം പോലും ലീഡിൽ നിന്നും മാറാതെ നിന്നാണ് കെ മുരളീധരൻ മികച്ച ഭൂരിപക്ഷത്തില്‍ പി ജയരാജനെതിരായ ജയം സ്വന്തമാക്കിയത്.  5,26,755 വോട്ടുകളാണ് കെ മുരളീധരന്‍ നേടിയത്. ഇടത് സ്ഥാനാര്‍ത്ഥി പി ജയരാജന് കിട്ടിയതാകട്ടെ 4,42,092 വോട്ടുകള്‍. മൂന്നാം സ്ഥാനത്തെത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.കെ സജീവന് 80,128 വോട്ടുകളാണ് ലഭിച്ചത്.