കൊറോണ കാലത്ത് ഇംഗ്ലണ്ട് സന്ദർശനം; ബെഹ്‌റയെ നിരീക്ഷണത്തിലാക്കാത്തതെന്തെന്ന് ജ്യോതികുമാർ ചാമക്കാല

കൊറോണ പടർന്നുപിടിച്ച പ്രധാനരാജ്യങ്ങളിലൊന്നായ ഇംഗ്ലണ്ടിൽ സന്ദർശനം നടത്തിവന്ന സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കാത്തതെന്തെന്ന് കെപിസിസി ജനറൽ സെക്രട്ടറി
ജ്യോതികുമാർ ചാമക്കാല. രോഗബാധിത മേഖലയിൽ നിന്ന് മടങ്ങിയെത്തിയ പോലീസ് മേധാവി എങ്ങനെയാണ് ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക്  കുറിപ്പിലൂടെ ചോദിച്ചു. ബെഹ്‌റയുടെ നടപടി പൊതുസമൂഹത്തോടു കാണിക്കുന്ന വഞ്ചനയല്ലേയെന്നും ജ്യോതികുമാർ ചാമക്കാല ചോദിക്കുന്നു.

ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

 

ബഹ്റയുടേത് വഞ്ചനയല്ലേ ടീച്ചർ ?

സംസ്ഥാന പൊലീസ് മേധാവി കോറോണയ്ക്കും അതീതനാണോ ?

ലോകത്ത് കൊറോണ പടര്‍ന്നുപിടിച്ച പ്രധാനരാജ്യങ്ങളിലൊന്നായ ഇംഗ്ലണ്ടില്‍ സന്ദര്‍ശനം നടത്തി വന്ന ലോക്നാഥ് ബഹ്റയെ നിരീക്ഷണത്തിലാക്കാത്തതെന്ത് ?

10,000ലേറെപ്പേര്‍ക്കാണ് ഇംഗ്ലണ്ടില്‍ രോഗബാധ സംശയിക്കുന്നത്.എണ്ണൂറോളം പേര്‍ക്ക് സ്ഥിരീകരിച്ചുകഴിഞ്ഞു.

ആ രാജ്യത്തിന്‍റെ ആരോഗ്യമന്ത്രിക്കുപോലും കോവിഡ് 19 പിടിപെട്ടു. പ്രധാനമന്ത്രിയുടെ വസതിയടക്കം നിരീക്ഷണത്തിലാണ്.

ഫെബ്രുവരി രണ്ടാംവാരം മുതല്‍ ഇംഗ്ലണ്ടില്‍ കൊറോണ പടര്‍ന്നുപിടിക്കുമ്പോഴാണ് മാര്‍ച്ച് 3 മുതല്‍ 5 വരെ ബഹ്റ അവിടെ സന്ദര്‍ശനം നടത്തിയത്.

ഏത് വിമാനത്തില്‍ ഏതെല്ലാം രാജ്യങ്ങള്‍ വഴി അദ്ദേഹം കടന്നുപോയി ?

തിരികെ കേരളത്തിലെത്തിയ അദ്ദേഹം വിമാനത്താവളത്തിലോ ആശുപത്രിയിലോ പരിശോധനയ്ക്ക് വിധേയനായോ എന്നറിയാന്‍ താല്‍പര്യമുണ്ട്.

എങ്ങനെയാണ് രോഗബാധിത മേഖലയില്‍ നിന്ന് മടങ്ങിയെത്തിയ പൊലീസ് മേധാവി ഔദ്യോഗി്ക പരിപാടികളില്‍ പങ്കെടുക്കുന്നത്.

ആരെങ്കിലും കൊറോണയെന്ന് സമൂഹമാധ്യമത്തില്‍ മിണ്ടിയാല്‍ പിടിച്ച് അകത്തിടും എന്ന് പറയുന്ന ഏമാന്‍ സ്വന്തം ഉത്തരവാദിത്തം നിറവേറ്റിയോയെന്ന് വ്യക്തമാക്കണം.

യുകെയില്‍ നിന്ന് വന്നയാള്‍ക്കാണ് തിരുവനന്തപുരത്ത് രോഗബാധ സ്ഥിരീകരിച്ചത്.

മാര്‍ച്ച് നാലിന് യൂണിവേഴ്സല്‍ സ്ക്രീനിങ് തുടങ്ങിയെന്ന് കേന്ദ്രആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അതായത് എല്ലാ രാജ്യാന്തരയാത്രികരും നിരീക്ഷണത്തിലാകണം.

യുകെ സന്ദര്‍ശനം കഴിഞ്ഞെത്തിയ പൊലീസ് മേധാവിയ്ക്കും ഇത് ബാധകമല്ലേ ?

അതോ രാജ്യത്തെ ഒരു നിയമവും ബാധകമല്ലാത്ത ബഹ്റയെക്ക് കൊറോണയിലും ഒഴുവുണ്ടോ ?

വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോയി നാടിനെ വഞ്ചിച്ചു എന്ന് റാന്നിക്കാരെ കുറ്റപ്പെടുത്തുന്ന ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും പൊലീസ് മേധാവിയുടേത് വഞ്ചനയാണോയെന്ന് പറയണം….

Comments (0)
Add Comment