2018ല്‍ ലോകത്താകമാനം കൊല്ലപ്പെട്ടത് 53 മാധ്യമപ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്. കമ്മിറ്റി ടു പ്രൊജക്ട് ജേര്‍ണലിസ്റ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2017നേക്കാള്‍ ഇരട്ടിയിലധികം പേരാണ് 2018ല്‍ കൊല്ലപ്പെട്ടത്. തുര്‍ക്കിയിലെ സൗദി കോണ്‌സുലേറ്റില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ പേരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
തൊഴിലിന്റെ ഭാഗമായ പകതീര്‍ക്കല്‍ എന്ന രൂപത്തിലാണ് ഇതില്‍ 34 പേരും കൊല്ലപ്പെട്ടത്. യുദ്ധ രംഗത്തും മറ്റ് അപകടങ്ങളിലുമാണ് ബാക്കിയുള്ളവര്ക്ക് ജീവന് നഷ്ടമായത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആസൂത്രിത ആക്രമണങ്ങളില്‍ കഴിഞ്ഞവര്‍ഷം 18 പേര്‍ കൊല്ലപ്പെട്ടിടത്താണ് 2018ല്‍ 34 പേര്‍ കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനാണ് ഏറ്റവും കൂടുതല്‍പേര്‍ കൊല്ലപ്പെട്ട രാജ്യം. 13പേര്‍ക്കാണ് ചാവേര്‍ ആക്രമണങ്ങളിലും സൈനിക ഏറ്റുമുട്ടലുകള്‍ക്കിടയിലും അഫ്ഗാനില്‍ ജീവന്‍ നഷ്ടമായത്. മാധ്യമപ്രവര്‍ത്തകര്‍ ജയിലിലടക്കപ്പെടുന്നതിലും 2018ല്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.