കൂടത്തായി കൊലക്കേസ് : സിലിയുടെ കൊലപാതകത്തില്‍ പ്രതി ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും

Jaihind News Bureau
Friday, October 18, 2019

കൂടത്തായി കൊലപാതക പരമ്പരയിൽ ഷാജുവിന്‍റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും. അതേസമയം കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ ജോളി ഉൾപ്പെടെ മൂന്നു പ്രതികളെ ഇന്ന് താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. മൂന്നു പേരുടെയും ജാമ്യഹർജി കോടതി നാളെ പരിഗണിക്കും.

കൂടത്തായി കൊലപാതക പരമ്പരയിൽ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരെ ഇന്ന് വൈകീട്ട് നാലിന് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മൂന്ന് പ്രതികളുടേയും ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുക. അതേസമയം, ഷാജുവിന്‍റെ ഭാര്യ സിലിയുടെ മരണവുമായി ബന്ധപെട്ടു ജോളിയെ ഇന്ന് അറസ്റ്റ് ചെയ്യും. ജോളിയുടെ എന്‍ഐടി ബന്ധത്തെ കുറിച്ച്‌ ദൃശ്യങ്ങളും മറ്റും ലഭിച്ച സാഹചര്യത്തില്‍ അന്വേഷണ സംഘം ഈ ദിശയിലും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.എന്‍ഐടിക്ക് സമീപം തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന ജോളിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതിനിടെ, ഡിഎന്‍എ പരിശോധനക്കായി മരിച്ച റോയ് തോമസിന്‍റെ സഹോദരന്‍ റോജോ, സഹോദരി റെഞ്ചി, റോയിയുടെ രണ്ട് മക്കള്‍ എന്നിവരുടെ സാമ്ബിളുകള്‍ ഇന്നലെ ശേഖരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സയന്‍സ് വിഭാഗത്തിലെത്തിയാണ് നാല് പേരും സാമ്ബിളുകള്‍ നല്‍കിയതത്. കല്ലറയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ കൂടത്തായിയില്‍ ദുരൂഹമായി കൊല്ലപ്പെട്ടവരുടേത് തന്നെയാണെന്ന് ഉറപ്പിക്കാന്‍ വേണ്ടിയാണ് ഡിഎന്‍എ പരിശോധന.