ജാവ ദ്വീപിലെ ഭൂചലനത്തില്‍ മരണം 62 ആയി: നൂറുകണക്കിന് പേർക്ക് പരിക്ക്; തകർന്നത് 2,200 ലേറെ വീടുകള്‍

സിയാന്‍ജുർ/ഇന്തോനേഷ്യ: ജാവ ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 62 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്തോനേഷ്യയിലെ (Indonesia) പടിഞ്ഞാറന്‍ ജാവ (west java island) പ്രവിശ്യയിലെ സിയാന്‍ജുര്‍ (cianjur) മേഖലയില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.21 ഓടെയാണ് ഭൂചലനമുണ്ടായത്. നിരവധി പേര്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇത് മരണസംഖ്യ ഉയരുമെന്ന ആശങ്ക ഉളവാക്കുന്നതാണ്.

റിക്ടർ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകള്‍ തകരുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  ജക്കാര്‍ത്തയില്‍ നിന്ന് 75 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് സിയാന്‍ജുര്‍. ഇവിടെ കരയില്‍ 10 കിലോമീറ്റര്‍ (6.2 മൈല്‍) ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേയും ഇന്തോനേഷ്യന്‍ വെതര്‍ ആന്‍ഡ് ജിയോഫിസിക്സ് ഏജന്‍സിയും (ബിഎംകെജി) അറിയിച്ചു.

 

 

ഭൂചലനത്തെ തുടര്‍ന്ന് സിയാന്‍ജുരിന് ചുറ്റും നിരവധി പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതായും റിപ്പോർട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 2000 ലേറെ കെട്ടിടങ്ങള്‍ തകർന്നതായാണ് റിപ്പോർട്ടുകള്‍. ആളപായത്തെയും നാശനഷ്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് ദുരന്ത നിവാരണ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.

27 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യനേഷ്യയില്‍ ഭൂകമ്പങ്ങളും അഗ്‌നിപര്‍വത സ്‌ഫോടനങ്ങളും സുനാമികളും സാധാരണമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പടിഞ്ഞാറന്‍ സുമാത്ര പ്രവിശ്യയിലുണ്ടായ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും 460 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2021 ജനുവരിയില്‍, പടിഞ്ഞാറന്‍ സുലവേസി പ്രവിശ്യയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നൂറിലലധികം ആളുകള്‍ കൊല്ലപ്പെടുകയും 6,500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2004ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ശക്തമായ ഭൂകമ്പത്തിലും സുനാമിയിലും ഒരു ഡസന്‍ രാജ്യങ്ങളിലായി ഏകദേശം 2,30,000 പേരാണ് മരിച്ചത്.  അന്ന് ഏറെ മരണമുണ്ടായത് ഇന്തോനേഷ്യയിലായിരുന്നു.

Comments (0)
Add Comment