ആലപ്പുഴ ജില്ലയിൽ ജനമഹായാത്രയ്ക്ക് ആവേശകരമായ വരവേൽപ്പ്

Jaihind Webdesk
Saturday, February 23, 2019

കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജന മഹായാത്ര ആലപ്പുഴ ജില്ലയിൽ പര്യടനം തുടരുന്നു. ആറ് കേന്ദ്രങ്ങളിലാണ് യാത്ര ആദ്യദിനം സ്വീകരണം ഏറ്റുവാങ്ങിയത്. ആവേശകരമായ വരവേൽപ്പാണ് ജില്ലയിലുടനീളം കെപിസിസി അധ്യക്ഷന് ലഭിച്ചത്.

ജില്ലാ അതിർത്തിയായ തവണക്കടവിൽ വൻവരവേൽപ്പാണ് യാത്രയ്ക്ക് ലഭിച്ചത്. ഡിസിസി പ്രസിഡന്റ് എം. ലിജുവിന്റെ നേതൃത്വത്തിൽ കെപിസിസി അധ്യക്ഷനെ സ്വീകരിച്ചു. പൂച്ചാക്കലിലെ ആദ്യ പൊതു സമ്മേളനം കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.

അടുത്ത സ്വീകരണം ചേർത്തലയിലായിരുന്നു. സമകാലിക രാഷ്ട്രീയ പ്രശ്നങ്ങൾ ഹ്രസ്വമായ വാക്കുകളിൽ അവതരിപ്പിച്ച് ആലപ്പുഴ കലവൂരിലെ വേദിയിലേക്ക്. തുടർന്ന് അമ്പലപ്പുഴയിലും ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങി. ഇനിയൊരു വട്ടം മോദി അധികാരത്തിലെത്തിയാൽ രണ്ടാം സ്വാതന്ത്രസമരത്തിന് തയ്യാറാകേണ്ടി വരുമെന്ന് ഓർമിപ്പിച്ചു കെപിസിസി അധ്യക്ഷൻ.

പ്രതിപക്ഷനേതാവിന്റെ സ്വന്തം തട്ടകമായ ഹരിപ്പാട് എത്തിയപ്പോഴും ആയിരക്കണക്കിന് പ്രവർത്തകർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കേരളത്തിലെ സിപിഎം ഭീകര സംഘടനയായി മാറിയിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു രമേശ് ചെന്നിത്തല.

രാത്രി ഏറെ വൈകിയാണ് യാത്ര കായംകുളത്ത് എത്തിയത്. വൈകിയ വേളയിലും പ്രവർത്തകരുടെ ആവേശം ഒട്ടും തണുത്തിരുന്നില്ല.