തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ചട്ടലംഘനം നടത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. തൃശൂർ ജില്ലാ കളക്ടറുടെ നടപടി ശരിയെന്നും ടീക്കാറാം മീണ വ്യക്തമാക്കി. കളക്ടറുടെ നോട്ടീസിന് സുരേഷ് ഗോപി മറുപടി നൽകണമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം തേക്കിൻകാട് മൈതാനത്ത് നടന്ന എൻ.ഡി.എ കണ്‍വൻഷനിൽ വച്ചാണ് സുരേഷ് ഗോപി വിവാദ പ്രസംഗം നടത്തിയത്. ശബരിമല വിഷയത്തിലാണ് താൻ വോട്ട് അപേക്ഷിക്കുന്നത്. അയ്യൻ വികാരമാണെങ്കില്‍ ഈ കിരാത സർക്കാരിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിലൂടെ അയ്യന്‍റെ ഭക്തർ നൽകും. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിപ്പിച്ചിരിക്കുമെന്നുമാണ് സുരേഷ് ഗോപി കൺവെൻഷനിൽ പ്രസംഗിച്ചത്.
ഈ സംഭവത്തിലാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം കാണിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി അനുപമ നോട്ടീസ് നൽകിയത്. മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ച് ജാതിയുടെയും സാമുദായിക വികാരങ്ങളുടെയും പേരിൽ വോട്ട് ചോദിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. ഇതിനെതിരെ ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. കളക്ടറുടേത് വിവരക്കേടാണെന്നും ആരൊക്കെ തടഞ്ഞാലും ശബരിമലയുടെ പേരില്‍ തന്നെ വോട്ട് ചോദിക്കുമെന്നുമായിരുന്നു ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി നടത്തിയത് ചട്ടലംഘനം തന്നെയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വ്യക്തമാക്കിയത്.