സ്വർണ്ണക്കള്ളക്കടത്ത് : ഫൈസല്‍ ഫരീദിനെതിരെ ഇന്‍റര്‍പോളിന്‍റെ ലുക്കൗട്ട് നോട്ടീസ്

Jaihind News Bureau
Saturday, July 18, 2020

 

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദിനെതിരെ ഇന്‍റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ് ലുക്കൗട്ട് നോട്ടീസ്.

ഫൈസല്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്‍റര്‍ പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇയാള്‍ വിദേശത്തുണ്ടെന്നും യു.എ.ഇയില്‍ നിന്ന് ഡിപ്ലോമാറ്റിക് ബാഗ് അയച്ചത് ഫൈസല്‍ ഫരീദ് തന്നെയാണെന്ന് തെളിക്കുന്ന രേഖകള്‍ പുറത്ത് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സ്വർണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും തന്‍റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേസ് നൽകുമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ഫൈസൽ ആരോപിച്ചു. കഴിഞ്ഞ ദിവസം  ഇയാളെ നാട് കടത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം യു.എ.ഇ ഭരണകൂടത്തിന് ഔദ്യോഗികമായി കത്ത് നൽകി. ഇതിന് ശേഷം ഇയാൾ ഒളിവിൽ പോയതായാണ് വിവരം.

ഫൈസലിന്‍റെ കയ്പമംഗലത്തെ വീട്ടില്‍ ഇന്നലെ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ മൂന്ന് ബാങ്ക് പാസ് ബുക്കുകളും ലാപ്‌ടോപ്പും പിടിച്ചെടുത്തിരുന്നു. ഈ ബാങ്കുകളില്‍ ഫൈസലിന് ലോക്കറുകളുണ്ടോ എന്നത് പരിശോധിക്കും. ഒന്നര വർഷമായി പൂട്ടിക്കിടന്ന വീടാണ് കസ്റ്റസ് തുറന്ന് പരിശോധിച്ചത്. അറ്റാഷേയുടെ പേരില്‍ അയച്ച ബാഗിന്‍റെ എയര്‍വേ ബില്ലില്‍ രേഖപ്പെടുത്തിയത് ഫൈസലിന്‍റെ വിലാസമാണ്. ഇതിനെ തുടര്‍ന്ന് അന്വേഷണസംഘത്തിന്‍റെ ആവശ്യത്തെ മുന്‍നിര്‍ത്തി ഫൈസല്‍ ഫരീദിന്‍റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. ഫൈസല്‍ ഫരീദിന് യു.എ.ഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ രക്ഷപ്പെടുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

നേരത്തെ ഫൈസല്‍ ഫാരിദിന് കൊച്ചി എന്‍.ഐ.എ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാളെ യു.എ.ഇയില്‍ നിന്ന് വിട്ടുകിട്ടുന്നതിനായി എന്‍.ഐ.എ ബ്ലൂ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്താനായി പ്രതികള്‍ ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും ആണെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നു.