വട്ടിയൂർക്കാവിനായി സി.പി.എമ്മിൽ തിരക്കിട്ട അണിയറ നീക്കങ്ങൾ. മേയറെ മത്സരിപ്പിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പാർട്ടിയിൽ പടയൊരുക്കം തുടങ്ങി. കഴക്കൂട്ടത്ത് വെല്ലുവിളി ഒഴിവാക്കാനും ബന്ധുവിനെ മേയറാക്കാനുമുള്ള മന്ത്രിയുടെ നീക്കം നേരിടാൻ എതിർചേരിയും തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. എം വിജയകുമാർ മുതൽ ഐ.എ.എസ് പദവി രാജിവെച്ച കണ്ണൻ ഗോപിനാഥൻ വരെയാണ് ഉൾപ്പാർട്ടി ചർച്ചകളിൽ ഉയരുന്ന പേരുകൾ.
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ സ്ഥാനാർഥിത്വത്തെ ചൊല്ലി സി.പി.എമ്മിൽ നേതാക്കൾ ചേരി തിരിഞ്ഞുള്ള നീക്കങ്ങളിലാണ്. മേയറെ വട്ടിയൂർക്കാവിൽ രംഗത്തിറക്കാൻ കടകംപള്ളി സുരേന്ദ്രൻ ഇതിനോടകം ചരടുവലി ആരംഭിച്ചു കഴിഞ്ഞു. മേയറുടെ പ്രതിച്ഛായ ഗുണം ചെയ്യുമെന്ന് പ്രചരിപ്പിക്കുന്നതിന് പിന്നിൽ കടകംപള്ളിക്ക് രണ്ട് ലക്ഷ്യങ്ങളുണ്ടെന്നാണ് എതിർ ചേരിയുടെ വിമർശനം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം സീറ്റിൽ മേയറുടെ പേര് പരിഗണിക്കുന്ന സാഹചര്യം ഒഴിവാക്കുക. മന്ത്രിയുടെ ബന്ധുവും ചാക്ക കൗൺസിലറുമായ ശ്രീകുമാറിനെ മേയർ സ്ഥാനത്തേക്ക് കൊണ്ടുവരിക.
എന്നാൽ സാമുദായിക പരിഗണനകൾക്കപ്പുറം മേയറെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തോട് പാർട്ടിയിലെ ഭൂരിപക്ഷം പേർക്കും കടുത്ത അഭിപ്രായ ഭിന്നതയുണ്ട്. വിജയകുമാറിനെ പോലെ മുതിർന്ന നേതാവിന് ഒരവസരം കൂടി നൽകണമെന്ന അഭിപ്രായമാണ് എതിർ ചേരിക്ക്. കേന്ദ്രസർക്കാരിനോട് ഇടഞ്ഞ് ഐ.എ.എസ് പദവി രാജിവെച്ച കണ്ണൻ ഗോപിനാഥനോടും പാർട്ടിയിലെ മുതിർന്ന നേതാക്കൾ മുഖേന മറുഭാഗം താല്‍പര്യം ആരാഞ്ഞു. എന്നാൽ പോളിറ്റ്ബ്യൂറോ അംഗത്തോട് കണ്ണൻ ഗോപിനാഥൻ വിസമ്മതം അറിയിച്ചു എന്നാണ് സൂചന. ജില്ലാ കമ്മിറ്റിയിലെ യുവനേതാവിനെ പരിഗണിക്കണമെന്ന അഭിപ്രായവും ശക്തമാണ്. മേയർ തന്നെ മത്സരിക്കണമെന്ന പിടിവാശി കടകംപള്ളി സുരേന്ദ്രൻ ഉപേക്ഷിക്കുമോ എന്നതാവും ഇനി നിർണായകം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ടി.എൻ സീമ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് പാർട്ടിയിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പരാജയം അന്വേഷിച്ച പാർട്ടി കമ്മീഷൻ ഉൾപ്പാർട്ടി പോരാണ് ദയനീയ പരാജയത്തിന് വഴിവെച്ചതെന്ന് കണ്ടെത്തിയിരുന്നു. സമാന സാഹചര്യത്തിലേക്കാണ് ഇത്തവണയും കാര്യങ്ങൾ എത്തുന്നത്.