മേരി സ്വീറ്റിയുടെ മേയർ ബ്രോ ; മേയർ ബ്രോയുടെ ഇരട്ട മുഖത്തിന്‍റെ ചിത്രം

Jaihind Webdesk
Wednesday, October 9, 2019

സുപ്രീം കോടതി വിധിക്ക് ശേഷം മേരി സ്വീറ്റി എന്ന യുവതി ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാതെ ഇരുമുടിക്കെട്ട് പോലുമില്ലാതെ സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച മേരി സ്വീറ്റിക്കെതിരെ വന്‍ പ്രതിഷേധമാണ് വിശ്വാസികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഒടുവില്‍ ഗത്യന്തരമില്ലാതെ മേരി സ്വീറ്റി മടങ്ങുകയായിരുന്നു. പിന്നീട് ശബരിമല സ്ത്രീപ്രവേശനത്തിന് പിണറായി സർക്കാർ സ്വീകരിച്ച നിലപാടിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു.

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ് മേരി സ്വീറ്റി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ള സി.പി.എം നേതാക്കളുമായി തനിക്ക് ബന്ധമുണ്ടെന്ന് മേരി സ്വീറ്റി അവകാശപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ഇത് നിഷേധിച്ചിരുന്നു. തിരുവനന്തപുരം മേയറും വട്ടിയൂർക്കാവിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ വി.കെ പ്രശാന്ത് മേരി സ്വീറ്റിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചും വിജയദശമി ദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തിയും വിശ്വാസി സമൂഹത്തിനോടൊപ്പമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന വി.കെ പ്രശാന്തിന്‍റെ യഥാര്‍ത്ഥ മുഖം ഇതോടെ വ്യക്തമായി. ഒരേസമയം ഇരയ്ക്കും വേട്ടക്കാരനും ഒപ്പം സഞ്ചരിക്കുന്ന ഇടത് സ്ഥാനാര്‍ത്ഥി ഇപ്പോള്‍ വിശ്വാസി സമൂഹത്തോട് കാണിക്കുന്ന കപട താല്‍പര്യം നാല് വോട്ടുകള്‍ക്ക് വേണ്ടി മാത്രമാണെന്ന് വട്ടിയൂർക്കാവിലെ ജനങ്ങള്‍ക്കും ബോധ്യമായി. ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കുന്നതിനും വിശ്വാസി സമൂഹത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനും മുന്നിട്ടിറങ്ങിയ മേരി സ്വീറ്റി മേയർ ബ്രോയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രം വോട്ടർമാർക്കിടയില്‍ ചർച്ചാവിഷയമാവുകയാണ്.