വിഭാഗീയതയില്‍ പുകഞ്ഞ് സിപിഎം: കളം പിടിക്കാന്‍ റിയാസ്, ഇടഞ്ഞ് എതിർപക്ഷം; കോഴിക്കോട് പോര് മുറുകുന്നു

 

കോഴിക്കോട് : സിപിഎം സമ്മേളനങ്ങൾ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പുരോഗമിക്കുമ്പോഴും ജില്ലയിലെ സിപിഎമ്മിനുള്ളിൽ വിഭാഗീയത പുകയുന്നു. മന്ത്രി മുഹമ്മദ്‌ റിയാസ് നേതൃത്വം നൽകുന്ന വിഭാഗവും മുൻ മന്ത്രി എളമരം കരീമും സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനും നേതൃത്വം നൽകുന്ന വിഭാഗവും തമ്മിലാണ് പോര് ശക്തമാകുന്നത്. സമ്മേളന കാലത്തെ ഈ വിഭാഗീയത പാർട്ടിയെ പൂർണ്ണമായും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ മരുമകനെന്ന സ്വാധീനം പരമാവധി പ്രയോജനപ്പെടുത്തി കോഴിക്കോട് ജില്ലയിലെ സിപിമ്മിനെ വരുത്തിയിൽ നിർത്താനാണ് മന്ത്രി കൂടിയായ മുഹമ്മദ്‌ റിയാസിന്‍റെ ശ്രമം. ഈ സമ്മേളന കാലത്ത് പി മോഹനനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി തന്‍റെ ഇഷ്ടക്കാരെ ചുമതലയിലേക്ക് എത്തിക്കാനുള്ള റിയാസിന്‍റെ ശ്രമത്തെ തടയിടാൻ പി മോഹനനൊപ്പം മുൻ മന്ത്രി കൂടിയായ എളമരം കരീമും ഉണ്ട്. ഒരു തവണ മാത്രം പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തിരുന്ന പി മോഹനന് പാർട്ടി കീഴ്വഴക്കമനുസരിച്ചു ഒരു തവണ കൂടി ജില്ലാ സെക്രട്ടറി ആയി തുടരാം. കുറച്ചു കാലമായി ജില്ലയിലെ പാർട്ടിയെ നിയന്ത്രിക്കുന്നത് എളമരം കരീം ആണെന്നിരിക്കെ ഈ കടിഞ്ഞാണ്‍ പിടിച്ചെടുക്കാനാണ് മുഹമ്മദ്‌ റിയാസിന്‍റെ നീക്കം.

തങ്ങള്‍ തുടരുമെന്ന് ഇരുവിഭാഗവും ഉറപ്പിച്ചു പറയുമ്പോൾ അത് പാർട്ടി അണികളെയും കാര്യമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ സമ്മേളനങ്ങളിൽ വിഭാഗീയത മറ നീക്കി പുറത്തുവന്നെങ്കിലും നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ മലബാറിലെ പാർട്ടിയുടെ മുഖമായി മാറാനുള്ള ശ്രമത്തിലാണ് മുഹമ്മദ്‌ റിയാസ്. അതിന്‍റെ ആദ്യ നീക്കമാണ് ഇത്തവണത്തെ സമ്മേളനങ്ങളിൽ തെളിഞ്ഞു നിന്ന വിഭാഗീയത. ഔദ്യോഗിക പക്ഷത്തെ പ്രമുഖരും, എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളും കൂറ് പുലർത്തുന്നത് മുഹമ്മദ്‌ റിയാസിനോട് ആണ് എന്നത് റിയാസിന്‍റെ ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നു.

Comments (0)
Add Comment