കെ-ഫോൺ പദ്ധതിയിലും എം.ശിവശങ്കറിന്‍റെ ഇടപെടല്‍; ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നു

Jaihind News Bureau
Tuesday, November 24, 2020

സ്വർണക്കടത്ത് കേസിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും, ഐ.ടി സെക്രട്ടറിയുമായ എം.ശിവശങ്കർ ഉൾപ്പെട്ട പദ്ധതികളിലേക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം വ്യാപിപ്പിക്കുന്നു. ശിവശങ്കർ കെ-ഫോൺ പദ്ധതി നടപ്പാക്കുന്നതിനായി സർക്കാർ തലത്തിലും കെഎസ്ഇബി മാനേജ്മെന്‍റ് തലത്തിലും സമ്മർദ്ദം ചെലുത്തിയതായാണ് സംശയം.

ശിവശങ്കറിന്‍റെ ഭരണകാലത്ത് ബോർഡ് 865 മെഗാവാട്ട് വൈദ്യുതി വാങ്ങുന്ന തിനുള്ള കരാറുകളിൽ ഏർപ്പെട്ടിരുന്നു . 2015 മുതൽ 30 വർഷത്തേക്ക് ജിൻഡാൽ പവറിൽ നിന്ന് 200 മെഗാവാട്ട് യൂണിറ്റിന് 3.60 രൂപ നിരക്കിൽ വാങ്ങാനായിരുന്നു ആദ്യ കരാർ. എന്നാൽ വൈദ്യുതി വാങ്ങാനുള്ള ഏഴു കരാറുകളിൽ മൂന്നെണ്ണത്തിന് മാത്രമാണ് അന്ന് റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകിയത്. ഇതും അന്വേഷണ പരിധിയിൽ ഉണ്ടാകും. സ്വപ്ന സുരേഷിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന പല അവസരങ്ങളിലും ശിവശങ്കർ സാമ്പത്തികമായി സഹായിച്ചതായാണ് കണ്ടെത്തൽ. എന്നാൽ ഈ പണം സ്വപ്ന സുരേഷ് മടക്കി നൽകിയതായി രേഖകളില്ല, ശിവശങ്കർ ഐടി സെക്രട്ടറി ആയിരുന്ന കാലത്താണ് ഇപ്പോൾ വിവാദമായ പി.ഡബ്ലു.സി കമ്പനിയിലേക്ക് ജോലിക്കായി സ്വപ്നയെ ശുപാർശ ചെയ്തതും പേസ് പാർക്കിൽ ജോലി തരപ്പെടുത്തിയതും.

കെ-ഫോൺ ഇടപാടിൽ ഓപ്പറേറ്റിങ് എക്സ്പെൻസ് ചേർക്കാൻ വിട്ടുപോയതിനാൽ ടെൻഡർ അടങ്കൽ തുക പുതുക്കണമെന്നും കെ-ഫോൺ ആവശ്യപ്പെട്ടു. ഇത് മുഖ്യമന്ത്രി അംഗീകരിച്ചിരുന്നു. അതിന് കാരണമായി ഐടി സെക്രട്ടറി എന്ന നിലയിൽ കെഎസ്ഐടിഎല്ലിനു വേണ്ടിയും ശിവശങ്കർ പറഞ്ഞത് ഓപ്പറേറ്റിങ് എക്സ്പെൻസ് ടെൻഡർ അടങ്കലിൽ ഉൾക്കൊള്ളിക്കാൻ വിട്ടുപോയി എന്നതാണ്. ഇതും സംശയത്തിന് വഴിയൊരുക്കി. സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് കെ-ഫോണിലേക്കും ഇ ഡി അന്വേഷണം ശക്തമാക്കുന്നത്.