സ്വർണ്ണക്കടത്ത് കേസ് പ്രതികള്‍ക്ക് തലസ്ഥാനത്തെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ വന്‍ നിക്ഷേപമെന്ന് സൂചന; അന്വേഷണം തുടങ്ങി| VIDEO

Jaihind News Bureau
Tuesday, August 18, 2020

 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് തിരുവനന്തപുരം ജില്ലയിലെ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ വൻ നിക്ഷേപം എന്ന് സൂചന. ജില്ലയിലെ പ്രമുഖ സി.പി.എം നേതാക്കളുടെ നിയന്ത്രണത്തിലാണ് ഈ ബാങ്കുകൾ. ഇക്കാര്യത്തെക്കുറിച്ച്  അന്വേഷണം തുടങ്ങി.  സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബാങ്കുകള്‍ നിയന്ത്രിക്കുന്ന സിപിഎം നേതാക്കള്‍ക്ക് അടുത്ത ബന്ധം ഉണ്ടെന്നാണ് കണ്ടെത്തല്‍.

കേസിലെ പ്രധാനപ്രതി സന്ദീപുമായി ബന്ധപ്പെട്ട ഒരു ബാങ്ക് ജില്ലയിലെ പ്രമുഖ യുവനേതാവിന്‍റെ നിയന്ത്രണത്തിലാണ്.  ഒരു കോർപ്പറേഷന്‍റെ തലപ്പത്താണ് ഇദ്ദേഹം ഇപ്പോള്‍. ബാങ്കിന്‍റെ പ്രസിഡന്‍റായിരുന്ന ഇദ്ദേഹം കോർപ്പറേഷന്‍ ചെയർമാനായതോടെ സ്ഥാനം ഒഴിഞ്ഞെങ്കിലും ഡയറക്ടർ ബോർഡ് അംഗമായി തുടരുകയാണ്. തലസ്ഥാനത്തെ തെക്കന്‍ മേഖലയിലെ ഫാർമേഴ്സ് സഹകരണ ബാങ്കാണ് സംശയനിഴലിലുള്ള മറ്റൊരു സ്ഥാപനം. തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള സിപിഎമ്മിന്‍റെ ശക്തികേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന ബാങ്ക് പാർട്ടിയുടെ ഏറ്റവും പ്രമുഖനായ വ്യക്തിയുടെ നിയന്ത്രണത്തിലാണ്.

തലസ്ഥാന നഗരത്തില്‍ പേട്ട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന  സഹകരണ ബാങ്കിലെ നിക്ഷേപത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.  നോട്ട് നിരോധന കാലയളവിലും ഈ ബാങ്കിനെതിരെ ആരോപണം ഉയർന്നിരുന്നു. ബാങ്കിലെ മുന്‍ ഉദ്യോഗസ്ഥന്‍റെ മരണം അന്ന് ഏറെ വിവാദം ഉയർത്തിയിരുന്നു. ചുരുക്കത്തില്‍ സ്വർണ്ണക്കടത്തിന്‍റെ വിഹിതം  ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കളുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ എത്തിച്ചേർന്നതായാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം.