സൈനിക വിവരങ്ങള്‍ പാകിസ്ഥാന് ചോർത്തിയ വ്യോമസേന ഉദ്യോഗസ്ഥന്‍ പിടിയില്‍

Jaihind Webdesk
Thursday, May 12, 2022

തന്ത്രപ്രധാന വ്യോമസേനാ വിവരങ്ങൾ  പാകിസ്താന് ചോർത്തിയ വ്യോമ സേനാ സൈനികൻ ക്രൈംബ്രാഞ്ച് പിടിയിൽ. വ്യോമസേന ഉദ്യോഗസ്ഥനായ ദേവേന്ദ്ര ശർമ്മയാണ് പാകിസ്ഥാന്‍റെ ചാരസംഘടനയായ ഐ.എസ്.ഐ ക്ക് ചാരവൃത്തി നടത്തിയതില്‍ ഡൽഹി ക്രൈംബ്രാഞ്ചിന്‍റെ  പിടിയിലായത്. ദേവേന്ദ്ര ശർമ്മയുടെ സംശയാസ്പദമായ ബാങ്ക് രേഖകളും കണ്ടെത്തിയിട്ടുണ്ട്.

ഐ.എസ്.ഐ വ്യോമസേനാ ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിൽപ്പെടുത്തി വിവരങ്ങൾ ചോർത്തുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. ഡൽഹിയിൽ വെച്ചാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. ശർമ്മയുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നടന്ന നിരവധി ഇടപാടുകളിൽ അന്വേഷണ സംഘത്തിന് സംശയമുണ്ട്. എന്തൊക്കെ തന്ത്രപ്രധാന വിവരങ്ങളാണ് ചോർന്നിട്ടുള്ളതെന്ന കാര്യം പരിശോധിച്ചു വരികയാണ്. വ്യോമസേനയുടെ നീക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളോ, ആയുധങ്ങളെ സംബന്ധിച്ച വിവരങ്ങളോ ചോർന്നിട്ടുണ്ടോയെന്നും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ട്.