കൊവിഡ്; ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമേകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം: കെ.സി വേണുഗോപാല്‍

Jaihind News Bureau
Friday, March 27, 2020

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പങ്കാളിയാകണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കൊവിഡിന്‍റെ  പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ ഭക്ഷണത്തിനും മരുന്നിനുമൊക്കെ ഒട്ടേറെ സാധാരണക്കാര്‍ കഷ്ടപ്പെടുന്നുണ്ട്. ഇവര്‍ക്ക് അടിയന്തരമായി സഹായമെത്തിക്കാന്‍ താഴെത്തട്ടുമുതല്‍ ഓരോ പ്രവര്‍ത്തകരേയും സന്നദ്ധരാക്കണമെന്നും വിവിധ സംസ്ഥാനങ്ങളിലെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാർക്കും ലോക്‌സഭ,രാജ്യസഭ എംപിമാര്‍ക്കുമയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ഭക്ഷണകിറ്റുകളില്‍ അവശ്യവസ്തുക്കള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണം. ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചിരിക്കുന്ന മാര്‍ഗനിര്‍ദേശം കൃത്യമായി പാലിച്ചുകൊണ്ടായിരിക്കണം ഇവ വിതരണം ചെയ്യേണ്ടതെന്നും കത്തില്‍ പറയുന്നു. സഹാിയമെത്തിക്കേണ്ട വിഭാഗങ്ങളെ കണ്ടെത്താന്‍ സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ വിനിയോഗിക്കാം. എംപിമാര്‍ അവരുടെ ഫണ്ടുകളില്‍ നിന്നും മണ്ഡലത്തിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി തുക വകയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.