കർണാടകയില്‍ ബിജെപി ക്യാമ്പിനെ ഞെട്ടിച്ച് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്; മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദിയും കോണ്‍ഗ്രസില്‍ ചേർന്നു

ബംഗളുരു: കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ശക്തമാകുമ്പോൾ കോൺഗ്രസിലേക്കുള്ള ബിജെപി നേതാക്കളുടെ ഒഴുക്ക് തുടരുന്നു. മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിയാണ് ഇന്ന് കോൺഗ്രസിൽ ചേർന്ന പ്രമുഖൻ. ആത്മാഭിമാനമുള്ള രാഷ്ട്രീയക്കാരന് പിച്ചച്ചട്ടിയുമായി നടക്കാൻ കഴിയില്ലെന്ന രൂക്ഷവിമർശനമുയർത്തിയായിരുന്നു ലക്ഷ്മൺ സാവിദി ബിജെപി വിട്ടത്.

ബിജെപി പക്ഷത്തെ പ്രമുഖൻ പാർട്ടി വിട്ടത് നേതൃത്വത്തിന് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷം കർണ്ണാടക പിസിസി പ്രസിഡന്‍റ് ഡി.കെ ശിവകുമാറാണ് സാവദിയുടെ കോൺഗ്രസ് പ്രവേശനം പ്രഖ്യാപിച്ചത്. ഉപാധികളില്ലാതെയാണ് സാവദിയുടെ കോൺഗ്രസ് പ്രവേശമെന്ന് ഡി.കെ ശിവകുമാർ അറിയിച്ചു.

നേരത്തെ ഡി.കെ ശിവകുമാർ, പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല എന്നിവരുമായി സാവദി, സിദ്ധരാമയ്യയുടെ വീട്ടിൽവെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. അപമാനിക്കപ്പെട്ടതായി അദ്ദേഹത്തിന് അനുഭവപ്പെടുന്നു. അദ്ദേഹത്തെപ്പോലെ വലിയ നേതാക്കളെ പാർട്ടിയിലേക്ക് എടുക്കുന്നത് തങ്ങളുടെ കടമയാണ്. പത്തോളം സിറ്റിംഗ് എംഎൽഎമാർക്ക് തങ്ങൾക്കൊപ്പം ചേരണമെന്ന് താത്പര്യമുണ്ടെങ്കിലും അവരെ ഉൾക്കൊള്ളാനുള്ള സാഹചര്യമില്ലെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. ലക്ഷ്മൺ സാവിദി പാർട്ടി വിട്ടതിന് പിന്നാലെ എംഎൽഎമാരുൾപ്പടെയുള്ള കൂടുതൽ ബിജെപി നേതാക്കൾ ഉപാധികളില്ലാത്ത പിന്തുണ കോൺഗ്രസിന് നൽകാൻ തയാറെടുക്കുന്നതായാണ് ലഭിക്കുന്ന വിവരം.

Comments (0)
Add Comment