ജനാധിപത്യത്തിലും നിയമവ്യവസ്ഥയിലും വിശ്വസിക്കുന്ന ഒരു പ്രതിപക്ഷമാണ് ഇപ്പോഴുള്ളത്… നിങ്ങളായിരുന്നെങ്കില്‍ ലോക്ക്ഡൗൺ എന്നേ തകർത്തേനെ ! : ജി.വി ഹരി

 

സ്പ്രിങ്ക്ളര്‍ വിവാദത്തിന്‍റെ സമയത്ത് പിണറായി വിജയനായിരുന്നു പ്രതിപക്ഷ നേതാവെങ്കില്‍ കേരളത്തില്‍ എന്തൊക്കെ സംഭവിക്കുമായിരുന്നു എന്ന ചോദ്യവുമായി കെ.പി.സി.സി നിർവാഹകസമിതിയംഗം ജി.വി ഹരി. കരാറില്‍ ദുരൂഹമായ പ്രതികരണങ്ങള്‍ നടത്തുന്ന ഐ.ടി സെക്രട്ടറി ആ സ്ഥാനത്ത് തുടരുമായിരുന്നോയെന്ന് ജി.വി ഹരി ചോദിക്കുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ നിയമങ്ങള്‍ പോലും ഒരുപക്ഷെ ഡി.വൈ.എഫ്.ഐക്കാര്‍ ലംഘിക്കുമായിരുന്നുവെന്നും സെക്രട്ടറിയേറ്റിന് മുന്നില്‍ നിരവധി കെ.എസ്.ആര്‍.ടി.സി ബസുകള്‍ കത്തിക്കപ്പെടുമായിരുന്നു എന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. എന്നാല്‍ ഇത്തരത്തിലൊന്നും ഇവിടെ ഇപ്പോള്‍ നടക്കാത്തത് ജനാധിപത്യത്തിലും നിയമവ്യവസ്ഥയിലും വിശ്വസിക്കുന്ന ഒരു പ്രതിപക്ഷം ഉള്ളതിനാലാണ്. രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവ് കഴിഞ്ഞ നാല് വർഷം നടത്തിയ ഇടപെടലുകളിലൂടെ പുറത്ത് വന്ന വിവാദ വിഷയങ്ങളിൽ ജനം എന്ത് നിഗമനത്തിൽ എത്തിയിട്ടുണ്ട് എന്നറിയണമെങ്കിൽ 2021 വരെ കാത്തിരിക്കേണ്ടി വരുമെന്നും ജി.വി ഹരി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ജി.വി ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

”ലോക്ക്ഡൗൺ ഇതിന് മുൻപേ തകർത്തേനെ !

ഞാൻ വെറുതേ ആലോചിക്കുകയായിരുന്നു സ്പ്രിൻക്ലർ കരാർ വിവാദമായപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ ആയിരിക്കുകയും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായിരുന്നെങ്കിൽ എന്താകുമായിരുന്നു കേരളത്തിൽ സംഭവിക്കുക എന്ന് ? രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവ് കഴിഞ്ഞ നാല് വർഷം നടത്തിയ ഇടപെടലുകളിലൂടെ പുറത്ത് വന്ന വിവാദ വിഷയങ്ങളിൽ ജനം എന്ത് നിഗമനത്തിൽ എത്തിയിട്ടുണ്ട് എന്നറിയണമെങ്കിൽ 2021 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് എന്റെ ഒരു പൊതു വിലയിരുത്തൽ. സ്പ്രിക്ലർ കരാറിൽ ഏർപ്പെട്ട ഐ.ടി. സെക്രട്ടറി ആ സ്ഥാനത്ത് തുടരുമായിരുന്നോ ? ലോക്ക്ഡൗൺ നിയമങ്ങൾ ഡിഫിക്കാർ പാലിക്കുമായിരുന്നോ ? സെക്രട്ടറിയേറ്റിന് മുന്നിൽ എത്ര കെ എസ് ആർ.ടി.സി. ബസ്സുകൾ കത്തിച്ചേനെ ?
പക്ഷെ ഇതൊന്നും ഇപ്പോൾ ഇവിടെ സംഭവിക്കാത്തത് ജനാധിപത്യത്തിലും നിയമ സംവിധാനത്തിലും വിശ്വസിക്കുന്ന പാർട്ടിയാണ് കേരളത്തിൽ പ്രതിപക്ഷത്തുള്ളത് എന്നതിനാലാണ് !

#ജയ്കോൺഗ്രസ്ജയ്ഹിന്ദ് !”

Comments (0)
Add Comment