ഇടുക്കി ഡാം തുറന്നു; പെരിയാറിന്‍റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

ഇടുക്കി : മൂന്ന് വർഷങ്ങള്‍ക്ക് ശേഷം ഇടുക്കി ഡാം വീണ്ടും തുറന്നു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറാണ് തുറന്നത്. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. 35 സെന്‍റി മീറ്ററാണ് ഷട്ടർ ഉയർത്തിയത്. അൽപസമയത്തിനകം തന്നെ രണ്ട്  ഷട്ടറുകൾ കൂടി ഉയർത്തും. 3 മുന്നറിയിപ്പ് സൈറൺ മുഴക്കിയതിന് ശേഷമാണ് ഷട്ടർ ഉയർത്തിയത്. മൂന്നു ഷട്ടറുകളും 35 സെന്‍റി മീറ്റർ വീതമാണ് ഉയർത്തുന്നത്. പെരിയാറിന്‍റെ പരിസരപ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ട്.

ജലനിരപ്പ് 2398 അടിയിലേക്കെത്തിയതിനെ തുടർന്നാണ് ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നത്. ഇന്ന് രാവിലെ 11 മണിയ്ക്ക് മൂന്നാം നമ്പർ ഷട്ടറും 12 മണിക്ക് നാലാം നമ്പർ ഷട്ടറും 12.30ന് രണ്ടാം നമ്പർ ഷട്ടറും ഉയർത്തി. 35 സെന്‍റിമീറ്റര്‍ വീതം ഓരോ ഷട്ടറും ഉയർത്തി സെക്കന്‍റിൽ 100 ക്യുമെക്സ് ജലം പുറത്തേക്കൊഴുക്കി. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്.

ഡാം തുറന്നതിനെ തുടർന്ന് ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിരുന്നു. വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിലെ പുഴകളില്‍ മീന്‍ പിടിത്തം പാടില്ല. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. വീഡിയോ, സെല്‍ഫി എടുക്കല്‍, ഫേസ്ബുക്ക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 10.55 ന് സൈറൺ മുഴക്കി, മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് ആദ്യ ഷട്ടർ തുറന്നത്. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ഡീൻ കുര്യാക്കോസ് എം പിഎന്നിവർ ചെറുതോണി ഡാമിൽ എത്തിയിരുന്നു.

ഷട്ടർ തുറന്നതിനെ തുടർന്ന് ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തിയത്. പിന്നീട് പെരിയാറിലൂടെ എറണാകുളം ജില്ലാ അതിർത്തിയായ ലോവർ പെരിയാർ പാംബ്ല അണക്കെട്ട് വഴി നേര്യമംഗലം, ഭൂതത്താൻകെട്ട്, ഇടമലയാർ വഴി മലയാറ്റൂർ, കാലടി ഭാഗങ്ങളിലെത്തും. ലോവർപെരിയാർ ഇപ്പോൾ തന്നെ തുറന്നിരിക്കുകയാണ്. ഭൂതത്താൻകെട്ടും ഇപ്പോള്‍തന്നെ നിയന്ത്രിതമായി തുറന്നിട്ടുണ്ട്. എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാർപാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളിൽ വെള്ളമെത്തും.

ഇതിനു മുമ്പ് നാലു തവണ മാത്രമാണ് ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നത്. 1981 , 1992 , 2018 ഓഗസ്റ്റ് 09, 2018 ഒക്ടോബർ ആറിനുമാണ് മുമ്പ് ചെറുതോണി അണക്കെട്ട് തുറന്നത്. വെള്ളം നിയന്ത്രിക്കാനുള്ള നിലവിലെ റൂള്‍ കര്‍വ് പ്രകാരം 2397.8 അടി എത്തിയാല്‍ റെഡ് അലർട്ട് പ്രഖ്യാപിക്കണം. നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.08 അടിയാണ്. 2398.86 അടി പരമാവധി സംഭരിക്കാന്‍ അനുമതിയുണ്ടെങ്കിലും ആ അളവില്‍ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തണമെങ്കില്‍ റെഡ് അലർട്ട് കഴിഞ്ഞാൽ ഷട്ടറുകള്‍ തുറക്കണം. ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിൽ മാത്രമേ ഷട്ടർ സംവിധാനമുള്ളൂ. ഇടുക്കി ആർച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല. വരുന്ന മൂന്നു ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആണ് ഈ മുന്നൊരുക്കങ്ങൾ.

Comments (0)
Add Comment