മുഖ്യമന്ത്രിയുടെ കീഴില്‍ ഉദ്യോഗസ്ഥ ഭരണം ഏറ്റെടുക്കാന്‍ ഐ.എ.എസുകാര്‍ക്ക്‌ മടി; അനാഥമായി പ്രധാനവകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് കീഴില്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കരണ വകുപ്പിന്റെ ഏറ്റെടുക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് മടി. ഇതോടെ ആഴ്ച്ചതോറും ഓരോരുത്തരെ മാറി മാറി നിശ്ചയിക്കുകയാണ് മന്ത്രിസഭാ യോഗം.

നിശ്ചയിച്ചവര്‍ ഭരണം ഏറ്റെടുക്കാത്തതിനാല്‍ പ്രധാനവകുപ്പ് അനാഥമായി തുടരുകയാണ്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കരണ വകുപ്പിലാണ് സെക്രട്ടറിമാര്‍ക്ക് പണിയെടുക്കാന്‍ മടി. സാലറി ചലഞ്ചിനെ എതിര്‍ത്തതിന്റെ പേരില്‍ വകുപ്പ് സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിന്‍ഹയെ മാറ്റിയതിന് ശേഷമാണ് വകുപ്പ് അനാഥമായത്.

കഴിഞ്ഞ അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗം ജലവിഭവ സെക്രട്ടറി സ്ഥാനത്തുനിന്ന് കായിക, യുവജനകാര്യ വകുപ്പ് സെക്രട്ടറിയായി മാറ്റിയ ടിങ്കു ബിശ്വാളിന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ അധിക ചുമതല നല്‍കി. എന്നാല്‍, ഇതില്‍ അതൃപ്തി രേഖപ്പെടുത്തി ടിങ്കു ബിശ്വാള്‍ ഒരു വകുപ്പിലും ചുമതല ഏറ്റെടുത്തില്ല. കഴിഞ്ഞ 13ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ടിങ്കു ബിശ്വാളിനെ ചരക്കുസേവന നികുതി വകുപ്പ് കമ്മീഷണറായി നിയമിക്കുകയും തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസിന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ അധിക ചുമതല നല്‍കുകയും ചെയ്തു.

എന്നാല്‍ ആശാ തോമസും ചുമതല ഏറ്റെടുത്തില്ല. ഇതേത്തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സെക്രട്ടറി ജി. കമലവര്‍ധന റാവുവിന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.
സെക്രട്ടേറിയറ്റിലെ ഭരണകക്ഷി യൂണിയനുകളുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും അനാവശ്യ കൈകടത്തലാണ് സ്വതന്ത്രമായി വകുപ്പില്‍ ജോലി ചെയ്യാന്‍ കഴിതെ മുതിര്‍ന്ന ഐ.എ.എസുകാര്‍ ഒഴിയുന്നത്.

Comments (0)
Add Comment