‘ജയിലില്‍ കിടക്കാന്‍ ആരോഗ്യമില്ലാത്ത സാധ്വി എങ്ങനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കും; ബി.ജെ.പിയുടേത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി’: ഒമര്‍ അബ്ദുള്ള

Thursday, April 18, 2019

മാലേഗാവ് സ്ഫോടനക്കേസ് പ്രതി സാധ്വി പ്രജ്ഞ താക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്ക്കെതിരെ വിമര്‍ശനവുമായി ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള രംഗത്ത്. ഭീകരവാദക്കേസില്‍ വിചാരണ നേരിടുന്നയാളെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങളുള്ളത് കൊണ്ടാണ് പ്രജ്ഞക്ക് ജാമ്യം കിട്ടിയത്. പക്ഷെ ജയിലില്‍ കിടക്കാന്‍ ആരോഗ്യമില്ലാത്ത അവര്‍ക്ക് എങ്ങനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകും?. ബിജെപിയുടേത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

എട്ടു വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞ സാധ്വിക്ക് 2017ലാണ് ജാമ്യം ലഭിച്ചത്. സാധ്വിക്ക് സ്തനാര്‍ബുദമാണെന്നും മറ്റുള്ളവരുടെ പിന്തുണയില്ലാതെ നടക്കാന്‍ കഴിയില്ലെന്നും അവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സാധ്വി പ്രജ്ഞ താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നതായി ഇന്നലെ വാര്‍ത്തകളുണ്ടായിരുന്നു. ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിങ്ങിനെതിരെ സാധ്വി തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നും വിവരമുണ്ട്.