Rahul Gandhi| ‘ഹൈഡ്രജന്‍ ബോംബ് പൊട്ടിക്കുമോ?’; വോട്ടുകൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് 12 മണിക്ക്

Jaihind News Bureau
Wednesday, November 5, 2025

ന്യൂഡല്‍ഹി: ‘വോട്ടുകൊള്ള’ ആരോപണങ്ങളില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം ഇന്ന്. ഉച്ചയ്ക്ക് 12 മംണിക്ക് എഐസിസി ആസ്ഥാനത്താണ് സുപ്രധാന വാര്‍ത്താ സമ്മേളനം നടക്കുന്നത്. വിഷയത്തില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന മൂന്നാമത്തെ പത്രസമ്മേളനമാണിത്.

ലോക്സഭാ തിരഞ്ഞെടുപ്പിലും കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി. വോട്ട് മോഷണം നടത്തിയെന്നും, വോട്ടര്‍പട്ടികയില്‍ നടന്ന ക്രമക്കേടുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒത്താശ നല്‍കിയെന്നും രാഹുല്‍ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. ഈ ചോദ്യങ്ങള്‍ക്കൊന്നും കമ്മീഷന്‍ ഇതുവരെ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. വോട്ട് മോഷണ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ വോട്ട് അധികാര്‍ യാത്രയ്ക്ക് ശേഷമുള്ള സുപ്രധാനമായ പത്രസമ്മേളനമാണിത്. നാളെ ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഈ വാര്‍ത്താസമ്മേളനം. ഇന്ന് നിശബ്ദ പ്രചാരണം നടക്കുന്ന ബീഹാറിലെ വോട്ടര്‍മാരെ രാഹുലിന്റെ വെളിപ്പെടുത്തലുകള്‍ എങ്ങനെ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.