മന്ത്രി കെ.ടി ജലീലിന്റെ ഭാര്യയുടെ നിയമനം റദ്ദാക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു

Jaihind News Bureau
Sunday, January 13, 2019

മന്ത്രി കെ.ടി ജലീലിന്റെ ഭാര്യയെ സ്‌കൂള്‍ പ്രിന്‍സിപ്പില്‍ ആയി നിയമിച്ച നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിസില്‍ ബ്ലോവര്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജി. നിയമനം ക്രമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ ഭാര്യ എം പി ഫാത്തിമക്കുട്ടിക്ക് വളാഞ്ചേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രിന്‍സിപ്പാളായി നിയമനം നല്‍കിയത് നിലനില്‍ക്കുന്ന വിദ്യാഭ്യാസ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ:സിദ്ദിഖ് പന്താവൂര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ നിയമനം റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി കൂടിയായ അഡ്വ:സിദ്ദിഖ് പന്താവൂര്‍ ‘വിസില്‍ ബ്ലോവര്‍ പ്രൊട്ടക്ഷന്‍ ആക്റ്റ്’ പ്രകാരം പൊതു താല്‍പ്പര്യ ഹരജി സമര്‍പ്പിച്ചത്.
റിജിയണല്‍ ഡെപ്പ്യൂട്ടി ഡയറക്റ്റര്‍ ഹയര്‍ സെക്കണ്ടറി,മാനേജര്‍ വളാഞ്ചേരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എം പി ഫാത്തിമക്കുട്ടി പ്രിന്‍സിപ്പാള്‍ വളാഞ്ചേരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവരെ കക്ഷി ചേര്‍ത്താണ് ഹരജി നല്‍കിയിരിക്കുന്നത്.