ആത്മവിശ്വാസത്തോടെ ഹൈബി; വികസന ചര്‍ച്ചകളില്‍ വിജയം ഉറപ്പിച്ച് യു.ഡി.എഫ്

Jaihind Webdesk
Sunday, April 21, 2019

വൈകിയാണ് പ്രചാരണം തുടങ്ങിയതെങ്കിലും ശരവേഗത്തില്‍ മുന്നേറ്റം നടത്തി തെരഞ്ഞെടുപ്പു കളം ഹൈബി ഈഡന്‍ വരുതിയിലാക്കിക്കഴിഞ്ഞു. ശ്വാസനിശ്വാസങ്ങളില്‍ പോലും വികസനം സ്പന്ദിക്കുന്ന എറണാകുളത്തെ സംബന്ധിച്ചിടത്തോളം പ്രചാരണ രംഗത്ത് മറ്റ് വിഷയങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പ്രസക്തിയേറെയില്ല. ഇടത്, വലത്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെല്ലാം ഉയര്‍ത്തുന്നതും മണ്ഡലത്തിലെ വികസന വിഷയങ്ങളാണ്. വികസനത്തിനൊപ്പം തന്റെ എല്ലാ പ്രസംഗങ്ങളിലും ഹൈബി ഹൈലൈറ്റ് ചെയ്യുന്ന പ്രചാരണായുധം ഇന്ത്യയെ വീണ്ടെടുക്കാന്‍ രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നതിന് കൈപ്പത്തിക്ക് ഒരോട്ട് എന്നതാണ്.
ദേശീയ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പു രംഗത്തും തരംഗമായി മാറിയ രാഹുല്‍ ഗാന്ധിയുടെ പോസ്റ്ററുകളും കട്ടൗട്ടുകളും മണ്ഡലത്തിലുടനീളം കാണുന്നത് വോട്ടര്‍മാരില്‍ ഉണ്ടാക്കുന്ന ആവേശം ചെറുതല്ല. മാത്രമല്ല ഐക്യജനാധിപത്യ മുന്നണി സംവിധാനം ഒറ്റക്കെട്ടായി ഹൈബി ഈഡനെന്ന യുവപോരാളിക്കുവേണ്ടി പ്രചാരണ രംഗത്തുണ്ടെന്നതും ശ്രദ്ധേയം.
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം എ.കെ ആന്റണി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ അടക്കമുള്ള പ്രമുഖ നേതാക്കള്‍ പലവട്ടം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രചാരണത്തിനെത്തിയതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറെ ആവേശത്തിലാണ്. പ്രവര്‍ത്തകരുടെ അവേശം അതേപടി നിലനിര്‍ത്തി പ്രചാരണം മുന്നോട്ടു കൊണ്ടുപോകാന്‍ ഹൈബിക്ക് കഴിയുന്നുണ്ട് എന്നതും വന്‍വിജയത്തിലേക്കുള്ള ചൂണ്ടുപലകയാണ്. മൂന്നാംഘട്ട വീടുകള്‍ കയറിയുള്ള പ്രചാരണ പരിപാടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സാമ്പിള്‍ വോട്ടിംഗ് യന്ത്രം, സ്ലിപ്പ്, യുഡിഎഫ് അഭ്യര്‍ത്ഥന എന്നിവയുമായുള്ള അവസാനവട്ട വീടു സന്ദര്‍ശനത്തിന്റെ തിരക്കിലാണിപ്പോള്‍ പ്രവര്‍ത്തകര്‍.

സ്ഥാനാര്‍ത്ഥിയുടെ വാഹന പ്രചരണ യാത്രകളും റോഡ് ഷോകളും മണ്ഡലത്തെ ഇളക്കിമറിച്ച് മുന്നേറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായുള്ള സ്ത്രീ പങ്കാളിത്വവും ഇത്തവണ ദൃശ്യമാണ്. സ്ഥാനാര്‍ത്ഥി ചെറുപ്പക്കാരനായതിനാല്‍ പ്രചാരണത്തിന്റെ തുടക്കം മുതല്‍ യുവാക്കളുടെ സജീവ സാന്നിധ്യം ഹൈബിയോടൊപ്പമുണ്ട്.
എറണാകുളം ലോക്‌സഭാ മണ്ഡലം രൂപീകൃതമായതിനുശേഷം 1951ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സി.പി മാത്യൂവിന്റെ വിജയം മുതല്‍ ഭൂരിപക്ഷം തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് എറണാകുളം. 1967ല്‍ സിപിഎമ്മിലെ വി.വിശ്വനാഥ മേനോന്‍, 1996 ല്‍ ഇടതു സ്വതന്ത്രനായ സേവ്യര്‍ അറയ്ക്കല്‍, 1997, 2003, 2004 എന്നീ തെരഞ്ഞെടുപ്പുകളില്‍ ഇടതു സ്വതന്ത്രനായ ഡോ. സെബാസ്റ്റിയന്‍ പോള്‍ എന്നിവര്‍ മാത്രമാണ് കോണ്‍ഗ്രസ് ഇതര എംപിമാരായവര്‍.

ഇടതു തരംഗമുണ്ടായ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍പ്പോലും എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലും യുഡിഎഫ് സ്വന്തമാക്കിയിരുന്നു. എറണാകുളം, തൃക്കാക്കര, കളമശേരി, പറവൂര്‍ മണ്ഡലങ്ങള്‍ യുഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ എല്‍ഡിഎഫിന് വിജയിക്കാനായത് വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങള്‍ മാത്രമാണ്. അന്നത്തേതില്‍ നിന്നും കാര്യങ്ങള്‍ യുഡിഎഫിന് ഏറെ അനുകൂലമായി മാറുകയും രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം പകര്‍ന്നു നല്‍കിയ ഉര്‍ജ്ജവുമെല്ലാം മണ്ഡലത്തില്‍ ഹൈബിക്ക് അനുകൂല ഘടകങ്ങളാണ്. മാത്രമല്ല, കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തെ തീരദേശ മേഖലയാകെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ചര്‍ച്ച് ബില്‍ നടപ്പാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഏറ്റവുമധികം പ്രതിക്ഷേധമുയര്‍ന്ന ജില്ലയാണ് എറണാകുളം. ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. ഇവയെല്ലാം ജനഹിതത്തില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്.
വികസനവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലുണ്ടാകുന്ന ചര്‍ച്ചകളിലെല്ലാം യുഡിഎഫിന് കനത്ത മുന്‍തൂക്കമുണ്ട്. ‘യുഡിഎഫില്ലാതെ എന്ത് വികസനം’ എന്ന് എറണാകുളത്തുകാര്‍ നെഞ്ചില്‍ കൈവച്ചു പറയും. അത്രകണ്ട് വികസന പദ്ധതികളാണ് വിവിധ യുഡിഎഫ്, യുപിഎ സര്‍ക്കാരുകള്‍ ചെയ്തിട്ടുള്ളത്. കൊച്ചി മെട്രോ, വല്ലാര്‍പാടം എല്‍എന്‍ജി ടെര്‍മിനല്‍, ഇന്‍ഫോ പാര്‍ക്ക്, സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡ് തുടങ്ങിയവ അവയില്‍ പ്രധാനപ്പെട്ട ചിലതുമാത്രം. എറണാകുളം നിയമസഭാ മണ്ഡലത്തിലെ എംഎല്‍എ എന്ന നിലയില്‍ വികസന കാര്യത്തില്‍ ഹൈബി ഈഡന് നെഞ്ചു വിരിച്ച് നില്‍ക്കാം. എത്രയധികം വികസന പദ്ധതികളാണ് ഈ ചെറുപ്പക്കാരന്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയത്. കൂടാതെ ‘സൗഖ്യം’, ‘തണല്‍’ പോലുള്ള കാരുണ്യ പദ്ധതികളും. ഇവയുടെയൊക്കെ ഗുണഫലങ്ങള്‍ അനുഭവിച്ചവരുടെ അനുഗ്രഹാശിസുകള്‍ ഹൈബിക്കു നല്‍കുന്ന ആത്മ വിശ്വാസം വളരെ വലുതാണ്.