സംസ്ഥാനത്ത് ശക്തമായ മഴ; 12 ഡാമുകള്‍ തുറന്നു; അതീവ ജാഗ്രതാനിര്‍ദേശം

Friday, October 5, 2018

പ്രളയഭീതി ഒഴിയും മുമ്പേ സംസ്ഥാനത്ത് വീണ്ടും കനത്ത മഴയും കാറ്റും. സംസ്ഥാനത്ത് 12 ഡാമുകള്‍ തുറന്നു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്  മഴയ്ക്കൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം നല്‍കിയിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്.

സംസ്ഥാനത്ത് മലമ്പുഴ ഉള്‍പ്പെടെ 12 ഡാമുകള്‍ തുറന്നിട്ടുണ്ട്. തിരുവന്തപുരം ജില്ലയിലെ നെയ്യാര്‍, അരുവിക്കര, പേപ്പാറ തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍ക്കുത്ത്, ചിമ്മിനി, പീച്ചി, ഷോളയാര്‍, ഇടുക്കി ജില്ലയിലെ മാട്ടുപെട്ടി, പൊന്‍മുടി പാലക്കാട് ജില്ലയിലെ മംഗലം, പോത്തുണ്ടി എന്നീ ഡാമുകളാണ് തുറന്നത്.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 130 അടി പിന്നിട്ടു. ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നേക്കും. കളക്ട്രേറ്റ് യോഗത്തിന് ശേഷം അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നിലവില്‍ സംസ്ഥാനത്ത് ഇടുക്കിയിലും മലപ്പുറം ജില്ലയിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ അതിശക്തമായ മഴ തുടരുകയാണ്. അടിയന്തരസാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലകളില്‍ സജ്ജമാക്കുകയാണ് അധികൃതര്‍.